മോശം ഫോമിലേക്ക് വീണിട്ടും ചേർത്തു പിടിച്ച് കൂടെ നിർത്തുന്ന ആരാധകർ, ഏഷ്യയിൽ കരുത്ത് കാണിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലേക്ക് വീണ സമയമാണിപ്പോൾ. സീസണിന്റെ ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തിയ ടീം രണ്ടാം പകുതിയിൽ കളിച്ച മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയം നേടിയത്. പ്രധാന താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിലായിപ്പോയതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ മോശം ഫോമിന് കാരണമെന്നതിൽ സംശയമില്ല.

മോശം ഫോമിലാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ആരാധകർ നൽകുന്ന പിന്തുണയ്ക്ക് യാതൊരു കുറവുമില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് നടന്ന ഏഷ്യൻ ക്ലബുകളിൽ ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത് രണ്ടാം സ്ഥാനത്താണ്. റൊണാൾഡോയുടെ അൽ നസ്റാണ് ഒന്നാം സ്ഥാനത്തുള്ളത്.

റൊണാൾഡോയെപ്പോലെ ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ കളിക്കുന്ന ക്ലബ് ആയതിനാൽ തന്നെ അൽ നസ്ർ ഒന്നാം സ്ഥാനത്തു വരുന്നതിൽ അത്ഭുതമില്ല. അതുമായി താരതമ്യം ചെയ്യുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ നേട്ടം വലുത് തന്നെയാണ്. യൂറോപ്പിലെ പല മികച്ച താരങ്ങളും കളിക്കുന്ന അൽ ഹിലാലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമത് നിൽക്കുന്നത്.

കണക്കുകളിൽ റൊണാൾഡോയുടെ അൽ നസ്ർ ബഹുദൂരം മുന്നിലാണ്. ഫെബ്രുവരിയിൽ അൽ നസ്‌റുമായി ബന്ധപ്പെട്ട് 137 മില്യൺ സോഷ്യൽ മീഡിയ ഇന്ററാക്ഷൻസ് നടന്നപ്പോൾ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിനെ ഇന്ററാക്ഷൻസ് 19.4 മില്യൺ മാത്രമാണ്. 14.1 മില്യനാണ് അൽ ഹിലാലിന്റെ ഇന്ററാക്ഷൻസ്. എന്തായാലും മോശം ഫോമിലും ആരാധകർ ടീമിനെ കൈവിട്ടിട്ടില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

ബ്ലാസ്‌റ്റേഴ്‌സിനെ പോലെത്തന്നെ റൊണാൾഡോ കളിക്കുന്ന അൽ നസ്‌റും ഇപ്പോൾ മോശം ഫോമിലാണ്. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ നിന്നും ടീം പുറത്തായിരുന്നു. അതിനു പുറമെ സൗദി ലീഗ് കിരീടവും അവർക്ക് പ്രതീക്ഷയില്ല. അതേസമയം ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എൽ കിരീടം സ്വന്തമാക്കാൻ കഴിയും.

Kerala Blasters Second In Instagram Interactions In February