മെസിയെ വെറുതെ വിടാൻ സ്‌കലോണി ഒരുക്കമല്ല, 2026 ലോകകപ്പിലും താരത്തെ വെച്ച് പദ്ധതിയുണ്ടെന്ന് അർജന്റീന പരിശീലകൻ

കോപ്പ അമേരിക്ക ഫൈനൽ നാളെ പുലർച്ചെ നടക്കാനിരിക്കുമ്പോൾ അർജന്റീന ആരാധകർക്ക് ചെറിയൊരു വേദനയുമുണ്ട്. അർജന്റീന ടീമിലെ സീനിയർ താരമായ ഏഞ്ചൽ ഡി മരിയ ദേശീയ ടീമിനൊപ്പം കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കുമത്. അതുകൊണ്ടു തന്നെ കിരീടം സ്വന്തമാക്കി ഡി മരിയക്ക് മികച്ചൊരു യാത്രയയപ്പ് നൽകണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.

താൻ ദേശീയടീമിൽ നിന്നും വിരമിക്കുകയാണെന്ന് ഡി മരിയ തന്നെ വെളിപ്പെടുത്തിയിരുന്നു. ടീമിന്റെ നായകനായ ലയണൽ മെസി തന്റെ ഭാവിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇത് താരത്തിന്റെ അവസാനത്തെ ടൂർണമെന്റ് ആയിരിക്കുമോയെന്ന സംശയം ആരാധകർക്കുണ്ട്. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ പരിശീലകൻ ലയണൽ സ്‌കലോണി ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

“ഈ കോപ്പ അമേരിക്ക ഏഞ്ചൽ ഡി മരിയയുടെ അവസാനത്തെ ടൂർണമെന്റ് ആയിരിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ലയണൽ മെസിയുടെ കാര്യത്തിൽ അങ്ങിനെയല്ല. 2026 ലോകകപ്പിൽ ഞങ്ങൾക്ക് ലയണൽ മെസിയെ വെച്ച് വലിയ പദ്ധതികളുണ്ട്. കോപ്പ അമേരിക്ക ഫൈനലിന് ശേഷം ഞങ്ങൾ താരവുമായി ഇരുന്ന് സംസാരിച്ച് അതിൽ തീരുമാനമുണ്ടാക്കും.”

“ലയണൽ മെസിക്ക് തുടർന്ന് കളിക്കാൻ ആഗ്രഹമില്ലെങ്കിൽ ടീമിനൊപ്പം 2026 ലോകകപ്പിൽ തുടരാൻ ഞാൻ അഭ്യർത്ഥിക്കും. മെസിക്ക് ഇനിയും ഈ രാജ്യത്തിന് വേണ്ടി ഒരുപാട് നൽകാൻ കഴിയും.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലയണൽ സ്‌കലോണി പറഞ്ഞു.

ലയണൽ മെസിക്ക് ദേശീയ ടീമിനൊപ്പം ഇനിയും തുടരണമെന്നാണ് സ്‌കലോണിയുടെ നിലപാട്. എന്നാൽ കളി നിർത്താനാണ് താരം തീരുമാനിക്കുന്നതെങ്കിൽ കോച്ചിങ് സ്റ്റാഫിൽ ചേരാമെന്നുള്ള ക്ഷണം നേരത്തെ തന്നെ സ്‌കലോണി നടത്തിയിരുന്നു. കളിക്കാരനായോ, ടീമിലെ അംഗമായോ ലയണൽ മെസി അടുത്ത ലോകകപ്പിൽ ഉണ്ടാകാനുള്ള സാധ്യത ഇതോടെ വർധിച്ചിട്ടുണ്ട്.