അർജന്റീന യൂറോ കപ്പ് ജേതാക്കൾക്കെതിരെ കളിക്കും, പോർച്ചുഗലിനെതിരെയുള്ള മത്സരവും പരിഗണനയിൽ | Argentina
2024 ഫുട്ബോൾ പ്രേമികളെ സംബന്ധിച്ച് ആവേശം നൽകുന്ന വർഷമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. 2022ൽ നടന്ന ഖത്തർ ലോകകപ്പിന് ശേഷം ലോകഫുട്ബോളിലെ രണ്ടു വമ്പൻ പോരാട്ടങ്ങളാണ് 2024ൽ നടക്കാൻ പോകുന്നത്. അർജന്റീനയും ബ്രസീലുമടക്കമുള്ള ടീമുകൾ അണിനിരക്കുന്ന കോപ്പ അമേരിക്കയും യൂറോപ്പിലെ വമ്പൻ ടീമുകൾ ഏറ്റുമുട്ടുന്ന യൂറോ കപ്പും 2024ൽ നടക്കും.
ഈ ടൂർണമെന്റുകൾക്ക് മുൻപേയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും നിലവിൽ യൂറോ കപ്പ് നേടിയ ഇറ്റലിയും തമ്മിൽ ഏറ്റുമുട്ടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാർച്ചിൽ അർജന്റീനയുടെ മത്സരങ്ങൾ തീരുമാനമായിരുന്നില്ല. എന്നാൽ അമേരിക്കയിൽ വെച്ച് ഇറ്റലിയുമായി മത്സരം കളിക്കാൻ അർജന്റീന തീരുമാനിച്ചിട്ടുണ്ടെന്ന് നിരവധി മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
🚨 There are chances of Argentina vs. Italy in March in the United States. Scaloni and Spalletti want strong opponents. Via @marqoss @relevo. 🇺🇸🇮🇹🇦🇷 pic.twitter.com/77ebmsHXtk
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) January 3, 2024
അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയുടെയും ഇറ്റലിയുടെ പരിശീലകൻ ലൂസിയാനോ സ്പല്ലെറ്റിയുടെയും പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മത്സരം നടക്കുന്നത്. രണ്ടു പരിശീലകർക്കും തങ്ങളുടെ ടീം കരുത്തുറ്റ എതിരാളികളുമായി കളിക്കണമെന്നാണ് ആഗ്രഹം. ടൂർണമെന്റുകൾക്കു മികച്ച രീതിയിൽ തയ്യാറെടുക്കാൻ അതിലൂടെ മാത്രമേ കഴിയൂ.
ℹ️ | @marqoss
Argentina and Italy might face off in March in the 🇺🇸 USA. Nothing's confirmed yet.
🤝 Spalletti wants tough opponents, and so does Scaloni. Other top teams almost have everything settled. pic.twitter.com/fEtFy92jVX
— BD Albiceleste 🇧🇩💙🇦🇷 (@bd_albiceleste) January 4, 2024
ഈ രണ്ടു ടീമുകളും കഴിഞ്ഞ വർഷം പരസ്പരം ഏറ്റുമുട്ടിയിരുന്നു. കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിൽ മത്സരിക്കുന്ന ഫൈനലൈസിമ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ഈ ടീമുകൾ പരസ്പരം പോരാടിയത്. അന്ന് ലൗടാരോ മാർട്ടിനസ്, ഡി മരിയ, ദിബാല എന്നിവരുടെ ഗോളുകളിൽ വിജയം നേടിയ അർജന്റീനയോട് ഇറ്റലിക്ക് പകരം വീട്ടാനുള്ള അവസരമാണിത്.
അതിനു പുറമെ മറ്റൊരു സൗഹൃദമത്സരം കൂടി അർജന്റീന പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോർചുഗലിനെതിരെയാണ് അർജന്റീന മത്സരം പ്ലാൻ ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. അങ്ങിനെയെങ്കിൽ കോപ്പ അമേരിക്ക, യൂറോ കപ്പ് ടൂർണമെന്റുകൾക്ക് മുന്നോടിയായി ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വരാനുള്ള സാധ്യത കൂടിയുണ്ട്.
Argentina Could Play Against Italy In March