ലോകകപ്പ് നേടിയ നാല് താരങ്ങളില്ലെങ്കിലും കരുത്തിനു കുറവില്ല, സ്ക്വാഡ് പ്രഖ്യാപിച്ച് അർജന്റീന | Argentina
ഈ മാസം നടക്കാനിരിക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് അർജന്റീന. ലോകകപ്പ് നേടിയ അർജന്റീന ടീമിലെ നാല് താരങ്ങളില്ലെങ്കിലും കരുത്തുറ്റ സ്ക്വാഡിനെ തന്നെയാണ് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചിരിക്കുന്നത്. ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണമാണ് ലോകകപ്പ് സ്ക്വാഡിനൊപ്പം ഉണ്ടായിരുന്ന നാല് പ്രധാന താരങ്ങളെ സ്കലോണി ഒഴിവാക്കിയിരിക്കുന്നത്.
ലോകകപ്പ് നേടിയ അർജന്റീന ടീമിലുണ്ടായിരുന്ന പ്രതിരോധതാരങ്ങളായ ലിസാൻഡ്രോ മാർട്ടിനസ്, മാർക്കോസ് അക്യൂന, ഗോൺസാലോ മോണ്ടിയാൽ എന്നിവരും മധ്യനിര താരമായ ഗുയ്ഡോ റോഡ്രിഗസുമാണ് ടീമിൽ ഇടം പിടിക്കാൻ കഴിയാതെ പുറത്തു പോയിരിക്കുന്നത്. ഈ താരങ്ങളുടെ അഭാവമുണ്ടെങ്കിലും ടീമിലേക്ക് പുതിയതായി എത്തിയ യുവതാരങ്ങൾ അടക്കമുള്ളവർ പ്രതീക്ഷ നൽകുന്നവരാണ്.
🗣 What do you think of the latest Argentina team? 🇦🇷 pic.twitter.com/GSKxI1yCGg
— Roy Nemer (@RoyNemer) March 1, 2024
എമിലിയാനോ മാർട്ടിനസിനു പുറമെ ഫ്രാങ്കോ അർമാനി, വാൾട്ടർ ബെനിറ്റസ് എന്നിവർ ഗോൾകീപ്പർമാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജർമൻ പെസല്ല, നെഹ്വാൻ പെരസ്, ഒട്ടമെന്റി, ക്രിസ്റ്റ്യൻ റോമെറോ, ടാഗ്ലിയാഫിക്കോ, മാർക്കോസ് സെനെസി, നാഹ്വൽ മോളിന, വാലന്റൈൻ ബാർക്കോ എന്നിവരാണ് പ്രതിരോധനിരയിൽ. ഇതിൽ ബാർക്കോ വളരെ പ്രതീക്ഷ നൽകുന്ന യുവതാരമാണ്.
മധ്യനിരയിൽ പലാസിയോസ്, റോഡ്രിഗോ ഡി പോൾ, പരഡെസ്, മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ലോ സെൽസോ, വാലന്റൈൻ കാർബോണി എന്നിവരാണുള്ളത്. മുന്നേറ്റനിരയിൽ ലയണൽ മെസിക്കൊപ്പം നിക്കോളാസ് ഗോൺസാലസ്, ഫാകുണ്ടോ ബുവാണോനാറ്റ, ഏഞ്ചൽ ഡി മരിയ, ഹൂലിയൻ അൽവാരസ്, ലൗടാരോ മാർട്ടിനസ്, ഡിബാല, ഗർനാച്ചോ എന്നിവരുമുണ്ട്.
മാർച്ച് മാസത്തിൽ ഐവറി കോസ്റ്റ്, നൈജീരിയ എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന സൗഹൃദമത്സരം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ രണ്ടു ടീമുകളും പിന്മാറിയതോടെ എൽ സാൽവദോർ, കോസ്റ്റ റിക്ക എന്നീ ടീമുകളെ അർജന്റീന നേരിടും. ആഫ്രിക്കൻ കപ്പിന്റെ ഫൈനലിൽ എത്തിയ രണ്ടു ടീമുകളുമായുള്ള മത്സരം ഒഴിവായത് അർജന്റീനയെ സംബന്ധിച്ച് നല്ലൊരു തയ്യാറെടുപ്പിനുള്ള അവസരമാണ് ഇല്ലാതാക്കിയത്.
Argentina Announce Squad For March Friendlies