കോപ്പ അമേരിക്ക ടീമിൽ സ്ഥാനമുറപ്പിച്ചത് രണ്ടു പേർ മാത്രം, ബാക്കിയുള്ളവർ കഠിനാധ്വാനം ചെയ്യണമെന്ന് സ്‌കലോണി | Lionel Scaloni

കഴിഞ്ഞ മൂന്നു വർഷത്തിനിടെ സാധ്യമായ മൂന്നു കിരീടങ്ങളും സ്വന്തമാക്കി ഗംഭീര പ്രകടനം നടത്തുന്ന അർജന്റീന ടീം മറ്റൊരു കിരീടം കൂടി സ്വന്തമാക്കാനാണ് കോപ്പ അമേരിക്കക്കു വേണ്ടി തയ്യാറെടുക്കുന്നത്. ലയണൽ സ്‌കലോണി പരിശീലകനായതിനു ശേഷം അസാമാന്യമായ ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ടീമിന് തന്നെയാണ് ഇത്തവണ കോപ്പ അമേരിക്ക കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നതും.

കഴിഞ്ഞ ദിവസം കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും പരിശീലകനായ സ്‌കലോണി സംസാരിക്കുകയുണ്ടായി. ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ താരങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും അർജന്റീന ടീമിനൊപ്പമുണ്ടെങ്കിലും രണ്ടു താരങ്ങൾക്കു മാത്രമേ കോപ്പ അമേരിക്കയിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയൂവെന്നാണ് അദ്ദേഹം പറയുന്നത്.

“ഇവിടെയുള്ള താരങ്ങളിൽ ആർക്കും കോപ്പ അമേരിക്ക ടീമിൽ സ്ഥാനമുറപ്പാണെന്ന് പറയാൻ കഴിയില്ല. സ്ഥാനമുറപ്പുള്ള ഒരാൾ ഇപ്പോൾ ഇവിടെയില്ല, ഞാൻ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഡി മരിയ്ക്കും സ്ഥാനമുറപ്പുണ്ട്. ബാക്കിയുള്ളവർ അതിനായി കഠിനാദ്ധ്വാനം ചെയ്യണം.” കോസ്റ്റാറിക്കക്കെതിരെ നടന്ന മത്സരത്തിന് ശേഷം സ്‌കലോണി പറഞ്ഞു.

ഈ ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന സൗഹൃദമത്സരങ്ങളിൽ അർജന്റീന ടീമിനൊപ്പം ലയണൽ മെസി ഉണ്ടായിരുന്നില്ല. പരിക്ക് കാരണമാണ് താരം അർജന്റീന ടീമിനൊപ്പം ചേരാതിരുന്നത്. ലയണൽ മെസിയുടെ അഭാവത്തിലും അർജന്റീന ടീം മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞു.

ലയണൽ മെസി, ഡി മരിയ എന്നിവരെ സംബന്ധിച്ച് ഇത്തവണത്തെ അവസാനത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് ആയിരിക്കുമെന്നുറപ്പാണ്. ഏഞ്ചൽ ഡി മരിയ ഈ ലോകകപ്പ് കഴിഞ്ഞാൽ വിരമിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ലയണൽ മെസി വിരമിക്കുന്നതിനെക്കുറിച്ച് നിലവിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ല.

Lionel Scaloni About Messi And Di Maria In Copa America