ലൂണയുടെ കരാറിലുള്ളത് വിചിത്രമായ ഉടമ്പടി, ദിമിയുടെ ആവശ്യം അംഗീകരിച്ചാൽ കാര്യങ്ങൾ കുഴഞ്ഞു മറിയും | Adrian Luna

അടുത്ത സീസണിലേക്കുള്ള പദ്ധതികൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞുവെന്ന് എഫ്‌സി ഗോവ താരമായ നോവ സദൂയിയെ സ്വന്തമാക്കിയ നീക്കത്തിലൂടെ തെളിയിച്ചതാണ്. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ടീമിലെ സൂപ്പർ സ്‌ട്രൈക്കറും ഐഎസ്എല്ലിലെ ടോപ് സ്‌കോററുമായ ദിമിത്രിയോസ് ദയമെന്റാക്കോസിന്റെ കരാർ പുതുക്കുകയെന്നതാണ്.

ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങി ഐഎസ്എല്ലിൽ കളിച്ച രണ്ടു സീസണുകളിലും ഗംഭീര പ്രകടനം നടത്തിയ ദിമിത്രിയോസിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്‌സിൽ തുടരണമെങ്കിൽ പ്രതിഫലം വർധിപ്പിക്കണമെന്ന താരത്തിന്റെ ആവശ്യം ക്ലബ് നേത്യത്വം തള്ളിയതോടെ മികച്ച ഓഫറുകൾ വന്നാൽ ഗ്രീക്ക് താരം അതു പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

മൂന്നു കോടിയിലധികം രൂപയാണ് ദിമിത്രിയോസ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നൽകാൻ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം തീരുമാനമെടുത്തത് മറ്റൊരു പ്രധാന താരമായ അഡ്രിയാൻ ലൂണയുടെ കരാറിലുള്ള ഉടമ്പടി കാരണമാണെന്ന സൂചനകളുണ്ട്. ലൂണയുടെ കരാറിലുള്ള ക്ലോസ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം ലൂണയായിരിക്കണം.

ദിമിയുടെ പ്രതിഫലം വർധിപ്പിച്ചാൽ അതിനനുസൃതമായി അഡ്രിയാൻ ലൂണയുടെ പ്രതിഫലവും വർധിപ്പിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് അതിനു കഴിയില്ല. കഴിഞ്ഞ സീസണിലെ ഇറങ്ങിപ്പോക്കിനെ തുടർന്ന് നൽകിയ പിഴശിക്ഷക്കെതിരെ കൊടുത്ത അപ്പീൽ തള്ളിയതിനാൽ ആ തുക ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ അടക്കേണ്ടി വരുന്നത് ക്ലബ്ബിനെ ബാധിക്കും.

ഇക്കാരണങ്ങൾ കൊണ്ടു തന്നെ വലിയ തുക വാരിയെറിഞ്ഞ് താരങ്ങളെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഒരിക്കലും തയ്യാറാകില്ല. നിലവിൽ തന്നെ ഐഎസ്എല്ലിൽ കളിക്കുന്ന താരങ്ങൾ അർഹിക്കുന്നതിനേക്കാൾ കൂടിയ പ്രതിഫലമാണ് വാങ്ങുന്നതെന്ന വിമർശനമുണ്ട്. അതുകൊണ്ടു തന്നെ പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്താലേ ദിമിത്രിയോസ് ടീമിൽ തുടരുന്നുണ്ടാകൂ.

Adrian Luna Have A Clause In His Contract