തിരിച്ചടിയായത് രണ്ടാം പകുതിയിലെ മോശം പ്രകടനം, ഐഎസ്എൽ ഷീൽഡ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ചു | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന്റെ ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതി അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം ഇനി മൂന്നു മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂരിനോട് സമനില വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഷീൽഡ് പ്രതീക്ഷകൾ പൂർണമായും ഇല്ലാതാവുകയും ചെയ്തു.
ഇന്ത്യൻ സൂപ്പർ കപ്പിലും അതിനു ശേഷവും ബ്ലാസ്റ്റേഴ്സ് ദയനീയമായ ഫോമിലേക്ക് വീണത് തന്നെയാണ് ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഷീൽഡ് പ്രതീക്ഷകൾ അവസാനിക്കാൻ കാരണം. സൂപ്പർകപ്പിനു ശേഷമുള്ള ഐഎസ്എൽ രണ്ടാം പകുതിയിൽ ഏഴു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. അതിൽ ഒരു മത്സരം മാത്രം വിജയിച്ച ടീം അഞ്ചെണ്ണത്തിലും തോൽവി വഴങ്ങുകയും ചെയ്തു.
Kerala Blasters have no chance of winning the League Shield.
[ISL website]#isl10 #Kbfc pic.twitter.com/NkA5xMinBl— Hari (@Harii33) April 1, 2024
നിലവിൽ മുപ്പതു പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. 44 പോയിന്റുമായി മുംബൈ സിറ്റി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള മോഹൻ ബഗാന് 39 പോയിന്റാണുള്ളത്. സീസണിന്റെ രണ്ടാം പകുതിയിൽ കളിച്ച മത്സരങ്ങളിൽ നാലെണ്ണത്തിലെങ്കിലും വിജയം നേടിയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഷീൽഡ് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്താമായിരുന്നു.
പരിക്കുകൾ ടീമിന് തിരിച്ചടി നൽകിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ശ്രമിച്ചാൽ വിജയം നേടാൻ കഴിയുന്ന ടീമുകൾ ഉണ്ടായിരുന്നു. പഞ്ചാബ് എഫ്സി, ചെന്നൈയിൻ എഫ്സി, ബെംഗളൂരു എഫ്സി, ജംഷഡ്പൂർ എഫ്സി എന്നിവർക്കെതിരെ നടന്ന മത്സരങ്ങളിലെല്ലാം കൃത്യമായ പദ്ധതിയിലും നൂറു ശതമാനം ആത്മാർത്ഥതയോടെയും കളിച്ചിരുന്നെങ്കിൽ വിജയം നേടാനുള്ള കരുത്ത് ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നു.
ഷീൽഡ് പ്രതീക്ഷകൾ പോയതോടെ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇനിയുള്ള ലക്ഷ്യം ഐഎസ്എൽ കിരീടമാണ്. നിലവിലെ ഫോമിൽ ടീമിന് കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന യാതൊരു പ്രതീക്ഷയും ആരാധകർക്കില്ല. അതേസമയം പ്ലേ ഓഫ് മത്സരങ്ങൾ ആകുമ്പോഴേക്കും ഇവാനാശാൻ എന്തെങ്കിലും പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Kerala Blasters Have No Chance Of Winning ISL Shield