ഒരു കിരീടം പോലുമില്ലാതിരിക്കാം, പക്ഷെ ഈ നേട്ടം മറ്റൊരു ഐഎസ്എൽ പരിശീലകനും അവകാശപ്പെടാനില്ലാത്തത് | Ivan Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെ ആരാധിക്കുന്നവരും വിമർശിക്കുന്നവരുമായ നിരവധി ആരാധകർ ക്ലബിനുണ്ട്. മോശം പ്രകടനം നടത്തിക്കൊണ്ടിരുന്ന ഒരു ക്ലബ്ബിനെ മെച്ചപ്പെട്ട പ്രകടനത്തിലേക്ക് നയിച്ചയാളെന്ന നിലയിൽ പലരും അദ്ദേഹത്തെ വാഴ്ത്തുമ്പോൾ ഇതുവരെ ഒരു കിരീടം പോലും ടീമിന് സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ലെന്നതിനാൽ പലരും അദ്ദേഹത്തെ വിമർശിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് പോലും മുന്നേറാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സമയത്താണ് ഇവാൻ വുകോമനോവിച്ച് പരിശീലകനായി എത്തിയത്. ആദ്യത്തെ സീസണിൽ തന്നെ ടീമിനെ ഐഎസ്എൽ ഫൈനൽ കളിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ ഈ സീസണിലും പ്ലേ ഓഫ് ഉറപ്പിച്ചതോടെ തുടർച്ചയായ മൂന്നാമത്തെ സീസണാണ് അദ്ദേഹം ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിലെത്തിക്കുന്നത്.

ഇത്തവണയും പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയതോടെ ഐഎസ്എൽ ഇതുവരെ ഒരു പരിശീലകനും സ്വന്തമാക്കിയിട്ടില്ലാത്ത ഒരു നേട്ടം കൂടി ഇവാനെ തേടിയെത്തി. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏതെങ്കിലും ഒരു ടീമിനെ തുടർച്ചയായ മൂന്നു വർഷങ്ങളിൽ പ്ലേ ഓഫിലെത്തിച്ച പരിശീലകനെന്ന നേട്ടമാണ് ഇവാൻ വുകോമനോവിച്ചിന് മാത്രം സ്വന്തമായത്.

ഇതിനു പുറമെ തുടർച്ചയായ മൂന്നു വർഷങ്ങൾ ഒരു ടീമിനൊപ്പം മുഴുവനാക്കിയ പരിശീലകനെന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തുടർച്ചയായി മൂന്നു സീസണുകളിൽ പ്ലേ ഓഫ് യോഗ്യത നേടിയതോടെ ക്ലബിന്റെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. ആ ക്രെഡിറ്റും ഇവാനു തന്നെയുള്ളതാണ്.

പരിമിതികൾ പലതുമുണ്ടെങ്കിലും ആരാധകരെയും മാനേജ്‌മെന്റിനെയും താരങ്ങളെയും ഒരുമിച്ച് നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാവരുടെയും ഹൃദയത്തിൽ ഇടം പിടിക്കുന്ന ഒരു പരിശീലകനായി മാറാൻ ഇവാനായി. നേട്ടങ്ങളുടെ കണക്കെടുത്താൽ വട്ടപൂജ്യമാണെങ്കിലും ആ നിരാശ ഈ സീസണിൽ ഇവാൻ പരിഹരിക്കുമെന്ന വിശ്വാസം ഇപ്പോഴും ആരാധകർക്കുണ്ട്.

Ivan Vukomanovic Achieves Milestone With Kerala Blasters