ഗോളടിച്ചു കൂട്ടാൻ ദിമിത്രിയോസ് ഉണ്ടായേക്കില്ല, സൂപ്പർ സ്‌ട്രൈക്കറുടെ പരിക്കിന്റെ അവസ്ഥ വ്യക്തമാക്കി ഇവാൻ വുകോമനോവിച്ച് | Dimitrios

സീസണിന്റെ തുടക്കം മുതൽ അവസാനം വരെ പരിക്കിന്റെ തിരിച്ചടികൾ വേട്ടയാടിയ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന് മികച്ച രീതിയിൽ തുടക്കം കുറിക്കുകയും ആദ്യപകുതി അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്തു നിൽക്കുകയും ചെയ്‌ത ടീമിന് പിന്നീട് പരിക്കിന്റെ ഘോഷയാത്രയായിരുന്നു. അത് ടീമിന്റെ പ്രകടനത്തെ വളരെയധികം ബാധിക്കുകയും ചെയ്‌തു.

അഡ്രിയാൻ ലൂണ അടക്കമുള്ള വിദേശതാരങ്ങൾ പരിക്കിന്റെ പിടിയിൽ പെട്ടപ്പോഴും ടീമിനായി മികച്ച പ്രകടനം നടത്തിയത് ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റാക്കോസാണ്. എന്നാലിപ്പോൾ ഐഎസ്എല്ലിലെ ടോപ് സ്കോററായ താരത്തിനും പരിക്കേറ്റിരിക്കുകയാണ്. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ദിമിത്രിയോസിന്റെ പരിക്കിന്റെ അവസ്ഥ ഇവാൻ വ്യക്തമാക്കി.

“ദിമിത്രിയോസ് ഇപ്പോഴുള്ളത് മെഡിക്കൽ ടീമിന്റെ കൂടെയാണ്, അവൻ പരിശീലനം നടത്തുന്നില്ല, ഹൈദെരാബാദിനെതിരായ മത്സരത്തിനും താരമുണ്ടാകില്ല. താരം അടുത്തയാഴ്‌ച പരിശീലനത്തിനായി ചേരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഞങ്ങൾ പ്ലേഓഫിലേക്ക് നേരിട്ട് പോകുമെന്നതിനാൽ ദിമിയുടെ തിരിച്ചുവരവിന്റെ കാര്യം സംശയമാണ്.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

പ്ലേ ഓഫ് മത്സരങ്ങളുടെ തീയതി തീരുമാനം ആയിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ പ്രകാരം അത് നടക്കാൻ സാധ്യതയുള്ളത് ഏപ്രിൽ 19, 20 തീയതികളിലാണ്. ഇവാന്റെ വാക്കുകൾ നോക്കുകയാണെങ്കിൽ അതിനു മുൻപേ ദിമിത്രിയോസ് പരിശീലനം ആരംഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ മത്സരത്തിനിറങ്ങാനുള്ള ഫിറ്റ്നസ് താരത്തിന് വീണ്ടെടുക്കാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.

ദിമിത്രിയോസിന്റെ അഭാവം കേരള ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കുമെന്നുറപ്പാണ്. ഈ സീസണിൽ പല പ്രധാന താരങ്ങളും പരിക്കേറ്റു പുറത്തു പോയപ്പോൾ ടീമിനെ മുന്നിൽ നിന്നു നയിച്ച താരമാണ് ദിമിത്രിയോസ്. ഐഎസ്എല്ലിലെ ടോപ് സ്‌കോറർ സ്ഥാനത്തു നിൽക്കുന്ന ദിമിത്രിയോസിനു പകരം വെക്കാൻ കഴിയുന്ന മറ്റൊരു താരം നിലവിൽ ബ്ലാസ്റ്റേഴ്‌സിനില്ല.

Dimitrios Doubt For Play Off Matches