നായകൻ തിരിച്ചെത്തുന്നു മക്കളേ, അഡ്രിയാൻ ലൂണ ഹൈദെരാബാദിനെതിരെ കളിച്ചേക്കുമെന്ന് ഇവാൻ വുകോമനോവിച്ച് | Adrian Luna

ഡിസംബറിൽ പരിക്കേറ്റു പുറത്തു പോയ കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ കളിക്കളത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. ഹൈദെരാബാദിനെതിരെ നടക്കുന്ന അവസാന സൂപ്പർ ലീഗ് മത്സരത്തിൽ അഡ്രിയാൻ ലൂണ കളിച്ചേക്കുമെന്ന് അൽപ്പസമയം മുൻപ് നടന്ന പത്രസമ്മേളനത്തിൽ ടീമിന്റെ പരിശീലകൻ ഇവാൻ വുകോമനോവിച്ചാണ് വ്യക്തമാക്കിയത്.

ടീമിനായി ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരമെന്ന നിലയിൽ നിൽക്കുമ്പോഴാണ് കഴിഞ്ഞ ഡിസംബറിൽ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോകുന്നത്. അതിനു ശേഷം ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് സീസൺ മുഴുവൻ നഷ്‌ടമാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പ്ലേ ഓഫിന് മുൻപേ തിരിച്ചു വരുമെന്ന് പരിശീലകൻ തന്നെയിപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.

“ഇന്ന് നടക്കാനിരിക്കുന്ന പരിശീലനസെഷനു ശേഷമേ ഞങ്ങൾ ഇക്കാര്യത്തിൽ അവസാന തീരുമാനം എടുക്കുകയുള്ളൂ. ഹൈദെരാബാദിനെതിരെ ഏതാനും മിനുട്ടുകൾ കളിക്കുന്നതിനു വേണ്ടി അഡ്രിയാൻ ലൂണ ഞങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. എന്നാൽ താരത്തിന് മൂന്നു മഞ്ഞക്കാർഡുകൾ ലഭിച്ചിട്ടുണ്ടെന്നത് ഞങ്ങൾ പരിഗണിക്കുന്നുണ്ട്.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

നേരത്തെ പ്ലേഓഫ് മത്സരങ്ങൾക്ക് അഡ്രിയാൻ ലൂണ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞിരുന്നത്. താരം നൂറു ശതമാനം ഫിറ്റ്നസ് കൈവരിച്ചിട്ടില്ലെന്നാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിന് മുൻപ് അറിയിച്ചതെങ്കിലും അതിൽ മാറ്റമുണ്ടായിട്ടുണ്ടെന്ന് ഇന്നത്തെ വെളിപ്പെടുത്തലിൽ നിന്നും വ്യക്തമാണ്.

അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്‌സിന് നൽകുന്ന ഊർജ്ജം ചെറുതല്ല. താരം പരിക്കേറ്റു പുറത്തു പോയതിനു ശേഷം ക്രിയേറ്റിവ് ആയി കളിക്കാൻ കഴിയുന്ന ഒരു താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സ് നേരിട്ടിരുന്നു. താരം തിരിച്ചെത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ മികച്ച പ്രകടനം നടത്തുമെന്ന കാര്യത്തിൽ സംശയമില്ല.

Adrian Luna May Play Against Hyderabad FC