പ്ലേഓഫിലെ എതിരാളികൾ ആരെന്നു തീരുമാനമായി, കേരള ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ കൂടുതൽ കടുപ്പമാകുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മത്സരം കൂടി കളിക്കാൻ ബാക്കിയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് നേരത്തെ ഉറപ്പിച്ചതാണ്. സീസണിന്റെ രണ്ടാം പകുതിയിൽ മോശം പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിൽ ആരാകും എതിരാളികളാവുകയെന്നത് ആരാധകർ ഉറ്റു നോക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളോടെ അക്കാര്യത്തിൽ ഏകദേശ തീരുമാനം ആയിട്ടുണ്ട്.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. ആറാം സ്ഥാനക്കാരായി പ്ലേ ഓഫിന് യോഗ്യത നേടാൻ സാധ്യത ചെന്നൈയിൻ എഫ്‌സി, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളിൽ ഒരാളാണ്. മുംബൈ സിറ്റി ഒന്നാം സ്ഥാനത്തും മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തും നിൽക്കുന്ന പോയിന്റ് പട്ടികയിൽ എഫ്‌സി ഗോവ മൂന്നാം സ്ഥാനത്തും ഒഡിഷ എഫ്‌സി നാലാം സ്ഥാനത്തുമാണ്.

നിലവിലെ പോയിന്റ് ടേബിൾ പ്രകാരം നാലാം സ്ഥാനത്തുള്ള ഒഡിഷ എഫ്‌സിയും അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സുമാണ് ഒരു പാദമായി നടത്തുന്ന പ്ലേ ഓഫിന്റെ ക്വാളിഫിക്കേഷൻ റൗണ്ടിൽ കളിക്കാൻ സാധ്യതയുള്ളത്. മൂന്നാം സ്ഥാനത്തുള്ള എഫ്‌സി ഗോവ ആറാം സ്ഥാനക്കാരായി മുന്നേറുന്ന ടീമിനെയും നേരിടും. ഈ മത്സരങ്ങളിൽ മാറ്റം വരാനുള്ള സാധ്യത വളരെ വിരളമാണ്.

സീസണിന്റെ രണ്ടാം പകുതിയിൽ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത് എന്നതിനാൽ സ്വന്തം മൈതാനത്ത് കളിക്കാനുള്ള അവസരവും നഷ്‌ടമായി. മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ ടീമിന് മുന്നേറാൻ കഴിഞ്ഞിരുന്നെങ്കിൽ കൊച്ചിയിൽ പ്ലേ ഓഫ് മത്സരങ്ങൾ കളിക്കാൻ ടീമിന് അവസരമുണ്ടായിരുന്നു. ഇനി കലിംഗ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടേണ്ടി വരും.

കലിംഗ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടുമ്പോൾ ഏറ്റവും വലിയ പ്രതിസന്ധി ടീമിന് അവിടെയുള്ള റെക്കോർഡാണ്. ഇതുവരെ കലിംഗ സ്റ്റേഡിയത്തിൽ കളിച്ച ഒരു മത്സരത്തിൽ പോലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ പ്ലേ ഓഫ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വിജയം കണ്ടെത്തണമെങ്കിൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കണം.

Kerala Blasters To Face Odisha FC In Play Offs