ദിമിത്രിയോസിന്റെത് ന്യായമായ ആവശ്യം, ലൂണയെപ്പോലെ പ്രധാനമാണ് ഗ്രീക്ക് താരത്തിന്റെ സാന്നിധ്യവും | Dimitrios
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാനത്തെ മത്സരത്തിനും അതിനു ശേഷം പ്ലേ ഓഫ് പോരാട്ടത്തിനും തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിരവധി താരങ്ങൾക്ക് പരിക്കേറ്റതിനെ തുടർന്ന് ടീം മോശം ഫോമിലേക്ക് വീണതിനാൽ ആരാധകർക്ക് പ്രതീക്ഷ കുറവാണ്. എന്നാലും നോക്ക്ഔട്ട് പോരാട്ടങ്ങളിൽ കൈമെയ്യ് മറന്നു പോരാടാൻ തന്നെയാകും താരങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
സീസൺ അവസാനിക്കാനിരിക്കെ ബ്ലാസ്റ്റേഴ്സിന് ആശങ്കയായി മാറുന്ന മറ്റൊരു കാര്യം ടീമിന്റെ സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ദയമെന്റാക്കോസിന്റെ കരാറാണ്. ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയെങ്കിലും അതിനേക്കാൾ മികച്ച ഓഫർ നൽകണമെന്നാണ് താരത്തിന്റെ ആവശ്യം.
📸 | Manjappada’s TIFO for Dimitrios Diamantakos, followed by “Extend Dimi” chants. #IndianFootball pic.twitter.com/PlXuWQQ82P
— 90ndstoppage (@90ndstoppage) April 3, 2024
കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം അഡ്രിയാൻ ലൂണയാണ്. റിപ്പോർട്ടുകൾ പ്രകാരം അതിന്റെ പകുതി പോലും ദിമിത്രിയോസിനു ലഭിക്കുന്നില്ല. അതുകൊണ്ടു തന്നെ താരത്തിന്റെ ആവശ്യം ന്യായമായ ഒന്നാണെന്നതിൽ സംശയമില്ല. അത്രയും മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമിത്രിയോസ് നടത്തുന്നത്.
കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ പതിമൂന്നു ഗോളുകളിൽ പങ്കാളിയായ താരം ഈ സീസണിൽ പതിനാറു ഗോളുകളിലും പങ്കാളിയായി. അതേസമയം അഡ്രിയാൻ ലൂണ കഴിഞ്ഞ സീസണിൽ പത്ത് ഗോളുകളിലാണ് പങ്കാളിയായത്. ഡിസംബറിൽ പരിക്കേറ്റു പുറത്തായ താരം അതുവരെ ഏഴു ഗോളിലും പങ്കാളിയായി. ലൂണയുടെ അഭാവത്തിൽ ടീമിനെ നയിച്ചത് ദിമിത്രിയോസിന്റെ മിന്നും പ്രകടനമായിരുന്നു.
നിലവിൽ പരിക്കേറ്റു പുറത്തിരിക്കുന്ന ദിമിത്രിയോസ് പ്ലേ ഓഫ് കളിച്ചില്ലെങ്കിൽ താരത്തിന്റെ അഭാവം വ്യക്തമാകുന്നത് അപ്പോഴായിരിക്കും. ബ്ലാസ്റ്റേഴ്സ് താരത്തെ വിട്ടുകളഞ്ഞാൽ അത് പിന്നീട് ടീമിന് തന്നെ തിരിച്ചടിയാകും. ഐഎസ്എല്ലിലെ മറ്റു വമ്പൻ ക്ലബുകളിലേക്ക് ദിമിത്രിയോസ് ചേക്കേറുകയാണെങ്കിൽ അടുത്ത സീസണിൽ അത് ബ്ലാസ്റ്റേഴ്സിന് തന്നെയാകും പാരയാവുക.
Dimitrios Deserve A Better Offer From Kerala Blasters