മെക്‌സിക്കൻ ക്ലബിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്, ട്വിറ്റർ ലോകകപ്പിൽ പുറത്താകുന്നതിന്റെ വക്കിൽ | Kerala Blasters

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പോരാട്ടമാണ് ട്വിറ്റർ ലോകകപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച ആരാധകപിന്തുണയുള്ള ടീമുകളെ ഒരുമിച്ച് ചേർത്ത് ഡീപോർട്ടസ് ആൻഡ് ഫിനാൻസസ് നടത്തിയ ടൂർണമെന്റ് മാതൃകയിലുള്ള പോരാട്ടത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമാണ് ഉൾപ്പെട്ടിരുന്നത്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകപിന്തുണയിൽ ടൂർണമെന്റിൽ കുറച്ചു ദൂരം മുന്നേറുകയുണ്ടായി. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നസ്ർ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടായിരുന്നത്. ഇവരെയെല്ലാം കീഴടക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ജേതാക്കളായാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.

നിലവിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് പക്ഷെ പുറത്താകലിന്റെ വക്കിലാണുള്ളത്. മെക്‌സിക്കൻ ക്ലബായ ഷിവാസുമായി നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വളരെയധികം പിന്നിലാണ്. ഇതുവരെ ഏഴായിരത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ അതിൽ എഴുപത്തിയൊന്നു ശതമാനം വോട്ടുകളും മെക്‌സിക്കൻ ക്ലബിനാണ് ലഭിച്ചിരിക്കുന്നത്.

ഇനി ആറു മണിക്കൂറുകളോളം മാത്രമാണ് വോട്ടു ചെയ്യാനായി ബാക്കിയുള്ളത്.ഡീപോർട്ടസ് ആൻഡ് ഫിനാൻസസ് എന്ന ട്വിറ്റർ പേജിൽ നൽകിയിട്ടുള്ള പോളിംഗ് സംവിധാനത്തിലൂടെയാണ് വോട്ടു ചെയ്യേണ്ടത്. ട്വിറ്റർ അക്കൗണ്ട് ഉള്ളവർക്കെല്ലാം വോട്ടു രേഖപ്പെടുത്താൻ കഴിയും. ബ്ലാസ്റ്റേഴ്‌സ് ആരാധകർ കരുത്ത് കാണിച്ചാൽ വിജയം നേടാൻ ടീമിന് കഴിയും.

ട്വിറ്റർ ലോകകപ്പ് സോഷ്യൽ മീഡിയയിലെ ഒരു മത്സരം മാത്രമാണെങ്കിലും അതിൽ വിജയം നേടാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് നേട്ടങ്ങളുണ്ട്. ഇന്ത്യയിലെ ഒരു കൊച്ചു പ്രദേശമായ കേരളത്തിലെ ക്ലബ്ബിനെ ലോകം അറിയുന്നതിനാണ് ഇത് വഴിയൊരുക്കുക. പല തരത്തിലും നേരത്തെ പ്രസിദ്ധമായ കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രസിദ്ധി ലഭിക്കാൻ ഇത് സഹായിക്കും.

Kerala Blasters In Twitter World Cup Quarter Final