ഇവാനാശാനു പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തി, പ്രഖ്യാപനം ഉടനെയുണ്ടാകും | Kerala Blasters

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് ഇനിയുണ്ടാകില്ലെന്ന പ്രഖ്യാപനം വന്നതോടെ പുതിയ പരിശീലകനെ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ മൂന്നു വർഷമായി ബ്ലാസ്‌റ്റേഴ്‌സിനെ സ്ഥിരതയോടെ കളിപ്പിച്ച ഇവാനാശാന്റെ പകരക്കാരനായി ആരാകും വരികയെന്ന ആകാംക്ഷ ഓരോ ആരാധകന്റെയും ഉള്ളിലുണ്ടെന്നതിൽ സംശയമില്ല.

അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കണ്ടെത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്കോട്ട്ലാൻഡ് സ്വദേശിയായ നിക്ക് മോണ്ട്ഗോമറി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിനെ നയിക്കുമെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒരു ക്ലബിനെയും പരിശീലിപ്പിക്കാതെ ഫ്രീ ഏജന്റായ മാനേജരാണ് നാല്പത്തിയൊന്നുകാരനായ മോണ്ട്ഗോമറി.

കളിക്കാരനെന്ന നിലയിൽ പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ടെങ്കിലും ആകെ രണ്ടു ക്ലബുകളെ മാത്രമേ മോണ്ട്ഗോമറി പരിശീലിപ്പിച്ചിട്ടുള്ളൂ. അദ്ദേഹം കളിച്ച ഓസ്‌ട്രേലിയൻ ലീഗ് ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സാണ് അതിലൊന്ന്. അവർക്കൊപ്പം എ ലീഗ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കാൻ മോണ്ട്ഗോമറിക്ക് കഴിഞ്ഞിട്ടുണ്ട്.

അതിനു ശേഷം കഴിഞ്ഞ സീസണിൽ സ്‌കോട്ടിഷ് ക്ലബായ ഹിബേർണിയനിലേക്ക് അദ്ദേഹമെത്തി. എന്നാൽ ക്ലബ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്‌ എന്നതിനാൽ മോണ്ട്ഗോമറി പുറത്താക്കപ്പെട്ടു. അതിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് അദ്ദേഹമെത്തുമെന്ന റിപ്പോർട്ടുകൾ വരുന്നത്. എന്തായാലും ഇവാനാശാന് പകരക്കാരനാവാൻ മോണ്ട്ഗോമറിക്ക് കഴിയുമോയെന്ന് കണ്ടറിയേണ്ട കാര്യമാണ്.

Kerala Blasters To Announce New Coach Soon