ടോപ് സ്കോററെ പുറത്തിരുത്തി സ്കലോണി തന്ത്രം മെനയുന്നു, മെസിയും ഡി മരിയയും ആദ്യ ഇലവനിലുണ്ടാകും
കോപ്പ അമേരിക്കയിലെ ആദ്യത്തെ സെമി ഫൈനൽ കളിക്കുന്നതിനായി അർജന്റീന ഇന്ത്യൻ സമയം നാളെ പുലർച്ചെ ഇറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഇക്വഡോർ കടുത്ത വെല്ലുവിളി ഉയർത്തിയതിനാൽ തന്നെ മാറ്റങ്ങളുമായാണ് അർജന്റീന ടീം അടുത്ത കാനഡക്കെതിരായ മത്സരത്തിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നത് എന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ പൂർണമായും നിറം മങ്ങിയ ലയണൽ മെസി കാനഡക്കെതിരെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് സ്കലോണി പറയുന്നത്. ലയണൽ മെസി പൂർണമായും സുഖം പ്രാപിച്ചുവെന്നും കഴിഞ്ഞ മത്സരം അവസാനിപ്പിച്ചത് യാതൊരു പ്രശ്നങ്ങളും കൂടാതെയാണെന്നും ലയണൽ സ്കലോണി വ്യക്തമാക്കി. മെസിയും ഡി മരിയയും ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Lionel Scaloni: "Messi is fine, he ended the game without any discomfort. He will start tomorrow. Yes, [Messi and Di Maria starting together] that is a possibility." pic.twitter.com/090NmKdJKJ
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 8, 2024
അർജന്റീന ടീമിൽ ഉണ്ടാകാൻ സാധ്യതയുള്ള മറ്റൊരു പ്രധാനപ്പെട്ട മാറ്റം മുന്നേറ്റനിരയിൽ തന്നെയാണ്. കോപ്പ അമേരിക്കയിലെ ടോപ് സ്കോററായ ലൗടാരോ മാർട്ടിനസ് ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള സാധ്യതയില്ല. അതിനു പകരം അൽവാരസ് ഇറങ്ങും. ലൗടാരോ മാർട്ടിനസിനെ അപേക്ഷിച്ച് പ്രതിരോധത്തെ കൂടുതൽ സഹായിക്കുന്നത് അൽവാരസാണെന്നതാണ് അതിനു കാരണം.
മധ്യനിരയിലും മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ഖത്തർ ലോകകപ്പിൽ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എൻസോ ഫെർണാണ്ടസ് കോപ്പ അമേരിക്കയിൽ മോശം പ്രകടനമാണ് നടത്തുന്നത്. താരത്തിന് പകരം ലിയാൻഡ്രോ പരഡെസ് അല്ലെങ്കിൽ ജിയോവാനി ലോ സെൽസോ മധ്യനിരയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കാനഡക്കെതിരെ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം കളിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ടീം വിജയിച്ചത്. എന്നാൽ ആ മത്സരം പോലെ ഇത് എളുപ്പമാകില്ലെന്ന് കാനഡ പരിശീലകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അർജന്റീന ടീമിന് ഫോം തിരിച്ചു പിടിക്കാൻ കഴിഞ്ഞാലേ ഫൈനലിലേക്ക് മുന്നേറാൻ കഴിയുകയുള്ളൂ.