മെസിയെ തടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട, കൊളംബിയക്ക് മറ്റൊരു കാര്യത്തിലാണു പ്രതീക്ഷയെന്ന് ഹമെസ് റോഡ്രിഗസ്

കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിനായി അർജന്റീന ഒരുങ്ങുമ്പോൾ എതിരാളി കൊളംബിയയാണ്. ടൂർണമെന്റിൽ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള ടീമായ കൊളംബിയയെ നേരിടുമ്പോൾ അർജന്റീന വളരെ ബുദ്ധിമുട്ടുമെന്നതിൽ സംശയമില്ല.ബ്രസീൽ, യുറുഗ്വായ് തുടങ്ങി ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമുകളെ കീഴടക്കിയാണ് കൊളംബിയയുടെ വരവ്.

അർജന്റീന ലയണൽ മെസിയെ കേന്ദ്രീകരിച്ചു കളിക്കുമ്പോൾ ഹമെസ് റോഡ്രിഗസാണ് കൊളംബിയയുടെ കരുത്ത്. ഈ രണ്ടു താരങ്ങളെയും എങ്ങിനെ പൂട്ടുമെന്നത് എതിരാളികളുടെ പദ്ധതികളിൽ പ്രധാനമായിരിക്കും. അതേസമയം അർജന്റീന നായകനായ ലയണൽ മെസിയെ പൂട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ് കൊളംബിയൻ നായകൻ ഹമെസ് റോഡ്രിഗസ് പറയുന്നത്.

“മെസിയെ തടയുക? അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. കോപ്പ അമേരിക്ക എളുപ്പത്തിൽ വിജയിക്കാൻ ലയണൽ മെസിയെ തടയുന്നതാണ് വഴിയെന്നു ചിന്തിച്ചാൽ നിങ്ങൾ യാതൊരു ഫലവും ലഭിക്കാത്ത കാര്യത്തിന് വേണ്ടി സമയം പാഴാക്കുകയാണ്. ഞാൻ സ്പെയിനിൽ താരത്തിനെതിരെ കളിച്ചിട്ടുണ്ട്, ഒരു പരിശീലകനും അതിനൊരു പരിഹാരം കണ്ടെത്തിയിട്ടില്ലെന്നിരിക്കെ നമുക്കതിനു കഴിയുമോ?”

“നിങ്ങളുടെ കയ്യിൽ അതിനു പരിഹാരമുണ്ടോ, ഇല്ലെങ്കിൽ ചോദിക്കുന്നതെന്തിന്? മെസി അർജന്റീനക്കൊപ്പം കിരീടങ്ങൾ നേടിയിട്ടുണ്ട് എന്നതിനാൽ തന്നെ അദ്ദേഹം ശാന്തനായിരിക്കുമെന്നതാണ് ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ. അർജന്റീനക്കുള്ളത് പോരാളികളാണ്, ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമായിരിക്കുമെന്ന് തീർച്ച, പക്ഷെ അവസാനം കിരീടം ഞങ്ങൾക്കാകുമെന്ന് പ്രതീക്ഷിക്കുന്നു.” ഹമെസ് റോഡ്രിഗസ് പറഞ്ഞു.

കോപ്പ അമേരിക്കയിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ഹമെസ് റോഡ്രിഗസ്. ഇതുവരെ ആറ് അസിസ്റ്റുകളും ഒരു ഗോളും താരം സ്വന്തമാക്കി. അതേസമയം ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം ലയണൽ മെസിക്ക് ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ താരത്തെ തടുക്കാൻ കഴിയുമെന്ന പ്രതീക്ഷ കൊളംബിയക്കുണ്ട്.