ലോകം ചുറ്റിയ വ്യക്തിയാണ് ഞാൻ, കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകുന്ന ഊർജ്ജം സമാനതകളില്ലാത്തതെന്ന് സ്റ്റാറെ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെയിൽ ആരാധകർക്ക് പ്രതീക്ഷകൾ വർധിച്ചിട്ടുണ്ട്. ഇതുവരെ ഒരു വിജയം മാത്രമേ ടീം സ്വന്തമാക്കിയിട്ടുള്ളൂവെങ്കിലും ടീമിന്റെ പ്രകടനം വളരെ മികച്ചതായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

പല മത്സരങ്ങളിലും താരങ്ങൾ വരുത്തുന്ന വ്യക്തിഗത പിഴവുകൾ ആണ് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം നിഷേധിച്ചത്. സീസണിൽ കൂടുതൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയും. കഴിഞ്ഞ ദിവസം ടീമിനെ പിന്തുണക്കുന്ന ആരാധകരെക്കുറിച്ച് സ്റ്റാറെ സംസാരിച്ചിരുന്നു.

“എല്ലാ ക്ലബുകൾക്കും അവരുടേതായ ആരാധകരുണ്ട്. പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആരാധകർ ശരിക്കും അതിശയിപ്പിക്കുന്നു. പതിനഞ്ചു വർഷത്തോളം ലോകം ചുറ്റിയ വ്യക്തിയാണ് ഞാൻ. എന്റെ യാത്രയിൽ ഞാൻ മനസിലാക്കിയത് ഈ ആരാധകർ സമാനതകൾ ഇല്ലാത്തവരാണെന്നാണ്.”

“ഈ ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സിന് നൽകുന്ന അന്തരീക്ഷവും ഊർജ്ജവും സമാനതകളില്ലാത്തതാണെന്ന് എനിക്ക് പറയാൻ കഴിയും.” മൈക്കൽ സ്റ്റാറെ പറഞ്ഞു. താൻ പരിശീലിപ്പിച്ച ക്ലബുകളിൽ ഒന്നിലും ഇത്രയും മികച്ച ആരാധകരെ കണ്ടിട്ടില്ലെന്നാണ് സ്റ്റാറെ വ്യക്തമാക്കുന്നത്.

യൂറോപ്പിലും അമേരിക്കയിലും തായ്‌ലാൻഡിലുമെല്ലാം ക്ളബുകളെ പരിശീലിപ്പിച്ച മൈക്കൽ സ്റ്റാറെയാണ് കേരളത്തിലെ ഒരു ക്ലബിന്റെ ആരാധകപ്പടയെ പ്രശംസിക്കുന്നത്. ആരാധകരുടെ കരുത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് വേറെ ലെവൽ ആണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.