എറിക്സൺ ഏപ്രിൽ വരെ പുറത്ത്, പകരക്കാരനെ ബയേണിൽ നിന്നും സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി തകർപ്പൻ പ്രകടനം നടത്തുന്ന ഡാനിഷ് മധ്യനിരതാരം ക്രിസ്റ്റ്യൻ എറിക്സൺ പരിക്കേറ്റു ടീമിൽ നിന്നും പുറത്ത്. ആംഗിൾ ഇഞ്ചുറി കാരണം താരം ഏപ്രിൽ വരെ പുറത്തിരുന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഈ സീസണിൽ ഇനിയുള്ള ഭൂരിഭാഗം മത്സരങ്ങളും എറിക്സനു നഷ്ടമാകും എന്നുറപ്പായി.
എറിക്സൺ പരിക്കേറ്റു പോയ സാഹചര്യത്തിൽ അതിനു പകരക്കാരനെ മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ടെത്തിയിട്ടുണ്ട്. ബയേൺ മധ്യനിര താരമായ മാഴ്സൽ സാബിറ്റ്സറിനെ ലോൺ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചു. ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.
“ജീവിതത്തിൽ ചില സമയങ്ങളിൽ വളരെ വേഗത്തിലുള്ളതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഈ അവസരത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഇതെനിക്ക് ശരിയായ ഒന്നാണെന്നാണ് തോന്നിയത്. ഞാൻ മത്സരിക്കാനിഷ്ടപ്പെടുന്ന കളിക്കാരനാണ്. വിജയങ്ങൾ നേടാനും ക്ലബ് ലക്ഷ്യം വെച്ചിരിക്കുന്നവ നേടാനും ഞാനും ടീമിനെ സഹായിക്കും.” സാബിറ്റ്സർ പറഞ്ഞു.
Official, completed. Marcel Sabitzer joins Manchester United on loan from Bayern 🚨🔴 #MUFC
— Fabrizio Romano (@FabrizioRomano) February 1, 2023
Sabitzer: “I feel that I am at my peak as a player, and that I can contribute a lot of experience and energy to the squad. I am excited to start with my new team-mates and manager”. pic.twitter.com/wItg8idgH1
ഓസ്ട്രിയൻ താരമായ സാബിറ്റ്സർ ലീപ്സിഗിന്റെ നായകനായിരിക്കുമ്പോഴാണ് ബയേൺ മ്യൂണിക്ക് സ്വന്തമാക്കുന്നത്. എന്നാൽ ക്ലബിൽ താരത്തിന് അവസരങ്ങൾ തീരെ കുറവായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വീണ്ടും തനിക്ക് തിളങ്ങാൻ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. അതേസമയം താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിനില്ല.