സാവിക്കും മനസിലായി, അർജന്റീന താരം മെസിയുടെ പിൻഗാമി തന്നെ

ലയണൽ മെസിക്കും ഹാവിയർ മഷറാനോക്കും ശേഷം അർജന്റീനയിൽ നിന്നുള്ള താരങ്ങൾ ബാഴ്‌സലോണ സീനിയർ ടീമിനായി കളിച്ചിട്ടില്ല. ക്രിസ്റ്റ്യൻ റൊമേരോ, ലൗടാരോ മാർട്ടിനസ് എന്നിവരുമായി ബന്ധപ്പെടുത്തി ചില സമയങ്ങളിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ആ ട്രാൻസ്‌ഫറുകൾ ഒന്നും യാഥാർഥ്യമായി മാറിയില്ല. എന്നാലിപ്പോൾ പുതിയൊരു അർജന്റീന താരം ബാഴ്‌സലോണ ഫസ്റ്റ് ടീമിലേക്കെത്താനുള്ള സാധ്യത വർധിച്ചിട്ടുണ്ട്.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അർജന്റീനിയൻ ക്ലബായ ഫെറെ കാരിൽ ഓയെസ്റ്റയിൽ നിന്നും യുവതാരമായ ലൂക്കാസ് റോമനെ ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു. ബാഴ്‌സലോണ യൂത്ത് ടീമിലേക്കു വേണ്ടിയാണ് പതിനെട്ടു വയസുള്ള താരത്തെ സ്വന്തമാക്കിയത്. 2026 വരെയുള്ള മൂന്നര വർഷത്തെ കരാറിൽ ബാഴ്‌സലോണ സ്വന്തമാക്കിയ താരത്തെ മറ്റൊരു ക്ലബും റാഞ്ചാതിരിക്കാൻ 400 മില്യൺ യൂറോ റിലീസിംഗ് ക്ലോസും നൽകി.

റാഫ മാർക്വസ് പരിശീലിപ്പിക്കുന്ന ബാഴ്‌സലോണ യൂത്ത് ടീമിനു വേണ്ടിയാണ് റോമനെ സ്വന്തമാക്കിയതെങ്കിലും താരത്തിൽ സീനിയർ ടീം പരിശീലകനായ സാവിയുടെ കണ്ണുകൾ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സീനിയർ ടീമിനൊപ്പം പരിശീലനം നടത്തിയ താരങ്ങളിൽ ലൂക്കാസ് റോമനും ഉണ്ടായിരുന്നു. റോമനു പുറമെ ബാഴ്‌സ അത്ലറ്റിക്കിൽ നിന്നും ഏഞ്ചൽ അൽകോർണും സീനിയർ ടീമിനൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്.

ബാഴ്‌സലോണ അത്ലറ്റിക്കിനു വേണ്ടി ഇതുവരെ അരങ്ങേറ്റം പോലും നടത്താത്ത റോമനെ സാവി സീനിയർ ടീമിനൊപ്പം പരിശീലനത്തിനായി ഉൾപ്പെടുത്തിയത് ആരാധകരിൽ വളരെയധികം പ്രതീക്ഷ നൽകിയിട്ടുണ്ട്. മികച്ച ഡ്രിബ്ലിങ് മികവും പാസുകൾ നൽകാനുള്ള കഴിവുമുള്ള താരം പെട്ടെന്ന് തന്നെ സീനിയർ ടീമിലിടം നേടാനുള്ള സാധ്യതയുണ്ട്. സാവിയുടെ മുൻപിൽ കഴിവ് തെളിയിച്ച് താരം പെട്ടെന്നു തന്നെ സീനിയർ ടീമിലെത്തട്ടെയെന്ന് ആരാധകർ ആഗ്രഹിക്കുന്നു.