മനുഷ്യത്വത്തിന്റെ മാതൃകയായി റൊണാൾഡോ, തുർക്കിക്ക് സഹായഹസ്തം നീട്ടി താരം
കഴിഞ്ഞ ദിവസം തുർക്കിയിലുണ്ടായ ശക്തമായ ഭൂകമ്പം ലോകത്തെല്ലാവർക്കും ഞെട്ടലുണ്ടാക്കിയ സംഭവമാണ്. ഏതാണ്ട് എണ്ണായിരത്തോളം പേരാണ് ഭൂകമ്പത്തിൽ മരണപ്പെട്ടത്. ഇപ്പോഴുണ് അതിന്റെ രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ മരണസംഖ്യ ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ട്. മരിച്ചവരിൽ പ്രൊഫെഷണൽ ഫുട്ബോൾ താരങ്ങൾ അടക്കമുള്ളവരുണ്ടെന്നത് ഫുട്ബോൾ ആരാധകരിൽ കൂടുതൽ വേദനയുണ്ടാക്കിയ കാര്യമായിരുന്നു.
ഇതുപോലത്തെ സംഭവങ്ങളിൽ എല്ലായിപ്പോഴും മനുഷ്യത്വപൂർണമായ നിലപാട് സ്വീകരിക്കാറുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണയും തന്റെ സഹായം തുർക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തുർക്കിയിലെ ഭൂകമ്പത്തിൽ ദുരിതം ബാധിച്ചവരെ സഹായിക്കുന്നതിന് വേണ്ടി താനൊപ്പിട്ട ജേഴ്സി ഉപയോഗിക്കാൻ റൊണാൾഡോ സമ്മതിച്ചു. ഇത് ലേലം ചെയ്തു കിട്ടുന്ന തുക ദുരിതം അനുഭവിക്കുന്ന വ്യക്തികൾക്ക് സഹായം നൽകാൻ ഉപയോഗിക്കും.
തുർക്കിഷ് ഫുട്ബോൾ താരവും യുവന്റസിൽ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുമുള്ള മെറിഹ് ഡെമിറലാണ് താരം ജേഴ്സി നൽകിയ കാര്യം വെളിപ്പെടുത്തിയത്. താൻ റൊണാൾഡോയുമായി സംസാരിച്ചിരുന്നുവെന്നും സംഭവിച്ച ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ താരം ജേഴ്സി ഉപയോഗിക്കാനുള്ള സമ്മതം നൽകിയെന്നും ഡെമിറൽ പറഞ്ഞു. ഇതടക്കമുള്ള എല്ലാ വസ്തുക്കളും ലേലം ചെയ്യുമെന്നും അതിൽ നിന്നും ലഭിക്കുന്ന തുക ഭൂകമ്പ ദുരിതാശ്വാസത്തിനു നൽകുമെന്നും താരം വ്യക്തമാക്കി.
Az önce @Cristiano ile konuştum.
— Merih Demiral (@Merihdemiral) February 7, 2023
Türkiye'de yaşananlara çok üzüldüğünü söyledi. Ronaldo'nun koleksiyonumdaki imzalı formasını açık artırma usulüyle satışa çıkarıyoruz.
Açık artırmadan elde edilecek gelirin tamamı deprem bölgesinde kullanılmak üzere @ahbap 'a bağışlanacaktır. pic.twitter.com/OwnU93oShJ
യുവന്റസ് വിട്ട ഡെമിറൽ ഇപ്പോൾ സീരി എയിലെ തന്നെ മറ്റൊരു ക്ലബായ അറ്റലാന്റയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. യുവന്റസിൽ റൊണാൾഡോക്കൊപ്പം കളിച്ചിരുന്നപ്പോൾ താരം സമ്മാനമായി നൽകിയ ഒപ്പിട്ട യുവന്റസിന്റെ ജേഴ്സിയാണ് ലേലത്തിനായി ഉപയോഗിക്കുക. ഡെമിറലിന്റെ സ്വകാര്യ ശേഖരണത്തിൽ നിന്നാണ് ഈ ജേഴ്സി എടുക്കുന്നത്. ഇതിനു പുറമെ മറ്റു ചില യുവന്റസ് താരങ്ങളുടെ ജേഴ്സിയും ലേലത്തിനായി ഉപയോഗിക്കാൻ സാധ്യതയുണ്ട്.