മുപ്പതാം നമ്പർ ജേഴ്‌സിയണിയാൻ സാധിക്കില്ല, മെസി മറ്റൊരു ജേഴ്‌സിയിൽ കളിക്കാൻ സാധ്യത

കരിയറിൽ സ്വപ്‌നസമാനമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസി കളിച്ചിട്ടുള്ള ഭൂരിഭാഗം ടൂർണമെന്റുകളിലും കിരീടം നേടിയിട്ടുള്ള താരമാണ്. ലയണൽ മെസിയെ സംബന്ധിച്ച് കരിയറിൽ കളിക്കുകയും കിരീടം നേടാൻ കഴിയാതിരിക്കുകയും ചെയ്‌തിട്ടുള്ള ഒരേയൊരു ടൂർണമെന്റ് മാത്രമാണുള്ളത്. ഫ്രഞ്ച് കപ്പിലാണ് മെസി ഇതുവരെയും കിരീടം നേടാത്തത്. എന്നാൽ ഈ വർഷം പിഎസ്‌ജിക്കൊപ്പം അത് നേടാൻ ലയണൽ മെസിക്ക് അവസരമുണ്ട്.

ഫ്രഞ്ച് കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിനായി ഇന്ന് രാത്രി ഇറങ്ങുമ്പോൾ ഫ്രഞ്ച് ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഴ്‌സയെയാണ് പിഎസ്‌ജിക്ക് നേരിടാനുള്ളത്. മാഴ്‌സ കരുത്തുറ്റ ടീമാണെന്നതിനാൽ തന്നെ ഇന്നത്തെ മത്സരം ലയണൽ മെസിക്കും സംഘത്തിനും വലിയ വെല്ലുവിളി സമ്മാനിക്കുമെന്നതിൽ സംശയമില്ല. അതേസമയം ഇന്നത്തെ മത്സരത്തിൽ പിഎസ്‌ജിയിൽ സ്ഥിരമായി അണിയുന്ന മുപ്പതാം നമ്പർ ജേഴ്‌സിയാവില്ല മെസി അണിയുകയെന്ന റിപ്പോർട്ടുകളുണ്ട്.

ഫ്രഞ്ച് കപ്പിൽ നിലനിൽക്കുന്ന നിയമപ്രകാരം പ്രീ ക്വാർട്ടർ മുതലുള്ള മത്സരത്തിനായി ഇറങ്ങുന്ന ടീമിലെ താരങ്ങൾ 1 മുതൽ 11 വരെ നമ്പറിലെ ജേഴ്‌സികൾ മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ. അതുകൊണ്ടു തന്നെ മുപ്പതാം നമ്പർ ജേഴ്‌സി മെസിക്ക് അണിയാൻ കഴിയുകയില്ല. അതിനു പകരം മറ്റേതു ജേഴ്‌സിയാണ് മെസി അണിയുകയെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ഒരുപക്ഷെ ലയണൽ മെസി വീണ്ടും ക്ലബിനായി പത്താം നമ്പർ അണിയുന്നത് കാണാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.

കഴിഞ്ഞ സീസണിൽ സമാനമായ സാഹചര്യം വന്നപ്പോൾ മെസി പത്താം നമ്പർ ജേഴ്‌സിയാണ് അണിഞ്ഞത്. എന്നാൽ നീസിനെതിരായ ആ മത്സരത്തിൽ നെയ്‌മർ കളിച്ചിരുന്നില്ല. ഇന്ന് നടക്കുന്ന മത്സരത്തിൽ നെയ്‌മർ കളിക്കുമെന്നിരിക്കെ താരം ഏതു ജേഴ്‌സിയാകും അണിയുക. നെയ്‌മർ പതിനൊന്നാം നമ്പറിലേക്ക് മാറി മെസി വീണ്ടും പത്താം നമ്പർ അണിയുമോ, അതോ ലയണൽ മെസി മറ്റൊരു ജേഴ്‌സി നമ്പറിൽ കൂടി കളിക്കുന്നത് കാണേണ്ടി വരുമോയെന്നെല്ലാം ആരാധകർ കാത്തിരിക്കുന്നു.