“മെസിയെ ഇവിടെയെത്തിക്കാൻ ശ്രമിച്ചിരുന്നു, പക്ഷെ പിഎസ്‌ജിയോട് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല”- മുൻ അർജന്റീന താരം പറയുന്നു

ബാഴ്‌സലോണയിൽ കരിയർ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ച ലയണൽ മെസി ക്ലബ് വിട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു. ഇരുപതു വർഷത്തിലധികം ബാഴ്‌സയല്ലാതെ മറ്റൊരു ക്ലബിന് വേണ്ടിയും കളിക്കാതിരുന്ന ലയണൽ മെസി തന്റെ കരിയറിലെ ആദ്യത്തെ ഇന്റർനാഷണൽ ട്രോഫി നേടിയതിനു പിന്നാലെയാണ് ക്ലബിൽ നിന്നും പുറത്തു പോകേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം നിലവിലെ കരാർ പുതുക്കാൻ കഴിയാത്തതാണ് മെസി ക്ലബിൽ തുടരാതിരിക്കാൻ കാരണമായത്.

ബാഴ്‌സലോണ വിട്ടതോടെ ഫ്രീ ഏജന്റായ മെസിയെ സ്വന്തമാക്കാൻ യൂറോപ്പിലെ നിരവധി ക്ലബുകൾ ശ്രമം നടത്തിയിരുന്നെങ്കിലും അതിൽ വിജയിച്ചത് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയാണ്. അതേസമയം മെസിയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനുള്ള സാധ്യതകൾ ഉണ്ടോയെന്നറിയാൻ താരവുമായി ആ സമയത്ത് സംസാരിച്ചിരുന്നുവെന്നാണ് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലൻറെ വൈസ് പ്രസിഡന്റും മുൻ അർജന്റീന താരവുമായ ഹാവിയർ സനെട്ടി പറയുന്നത്.

“ലയണൽ മെസി ബാഴ്‌സലോണ വിട്ടത് എനിക്ക് വളരെയധികം ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. പിഎസ്‌ജിയുമായോ മറ്റേതെങ്കിലും പ്രീമിയർ ലീഗ് ക്ലബുമായോ യാതൊരു തരത്തിലും മത്സരിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നതായിരുന്നു യാഥാർഥ്യം. എന്നാൽ താരത്തെ സ്വന്തമാക്കാൻ ഏതെങ്കിലും തരത്തിലുള്ള സാധ്യതയുണ്ടോ എന്നറിയാൻ ഞാൻ മെസിയുമായി ആ സമയത്ത് സംസാരിച്ചിരുന്നു.” സനെട്ടി പറഞ്ഞു.

ഇന്റർ മിലാൻ മെസിയുടെ പ്രിയപ്പെട്ട ടീമുകളിൽ ഒന്നാണെങ്കിലും താരം പിഎസ്‌ജിയിലേക്ക് ചേക്കേറാൻ തീരുമാനം എടുക്കുകയായിരുന്നു. ഇരുപതു വർഷത്തോളം ബാഴ്‌സലോണയിൽ കളിച്ച താരത്തിന് പുതിയ ലീഗിലേക്ക് ചേക്കേറിയ സീസണിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ അതിന്റെ കുറവുകൾ തിരുത്തുന്ന മികവാണ് താരം മൈതാനത്ത് കാഴ്‌ച വെക്കുന്നത്.