റയലിനെ വിറപ്പിച്ച അർജന്റീന താരം, ക്ലബ് ലോകകപ്പിൽ ലാറ്റിനമേരിക്കൻ താരങ്ങളുടെ ആധിപത്യം
കഴിഞ്ഞ ദിവസം നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കിരീടമുയർത്തി. റയൽ മാഡ്രിഡിന്റെ അഞ്ചാമത്തെ ക്ലബ് ലോകകപ്പ് കിരീടമായിരുന്നു ഇന്നലെ സ്വന്തമാക്കിയത്. ഇതോടെ കൂടുതൽ ക്ലബ് ലോകകപ്പ് കിരീടമെന്ന നേട്ടം ഒന്നുകൂടി മെച്ചപ്പെടുത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞു. മൂന്നു ക്ലബ് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ ബാഴ്സ ഈ നേട്ടത്തിൽ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് അൽ ഹിലാലിനെതിരെ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ മറ്റൊരു പ്രത്യേകത ലാറ്റിനമേരിക്കൻ താരങ്ങൾ അതിൽ ആധിപത്യം സ്ഥാപിച്ചുവെന്നതാണ്. മത്സരത്തിൽ പിറന്ന എട്ടു ഗോളുകളിൽ ആറെണ്ണവും നേടിയത് ലാറ്റിനമേരിക്കയിൽ നിന്നുള്ള താരങ്ങളായിരുന്നു. ഈ താരങ്ങൾ തന്നെയാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരങ്ങളിൽ ഒന്ന് മുതൽ മൂന്നു സ്ഥാനം നേടിയതും.
റയൽ മാഡ്രിഡിനായി ലാറ്റിനമേരിക്കൻ താരങ്ങളായ വിനീഷ്യസ് ജൂനിയർ, ഫെഡെ വാൽവെർദെ എന്നിവർ രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ അൽ ഹിലാലിനായി രണ്ടു ഗോളുകൾ നേടി അർജന്റീനതാരമായ ലൂസിയാനോ വിയേറ്റെയും തിളങ്ങി. അത്ലറ്റികോ മാഡ്രിഡിന്റെ മുൻ താരം കൂടിയാണ് വിയേറ്റ. മത്സരത്തിന് ശേഷം ടൂർണമെന്റിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വിനീഷ്യസ് ഒന്നാമതും ഫെഡെ രണ്ടാമതും വിയേറ്റ മൂന്നാമതും എത്തിയിരുന്നു.
South Americans with the 3 ‘Best Player’ awards at the Club World Cup
— Uruguay Football ENG (@UruguayFootENG) February 11, 2023
• 🇺🇾 – Fede Valverde
• 🇧🇷 – Vinicius Jr.
• 🇦🇷 – Luciano Vietto pic.twitter.com/xFxAQXyQBF
റയൽ മാഡ്രിഡ് അനായാസം ഫൈനലിൽ വിജയം സ്വന്തമാക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും അൽ ഹിലാൽ പൊരുതിയിരുന്നു. റയലിനായി ഒരു ഗോൾ ബെൻസിമ നേടിയപ്പോൾ അൽ ഹിലാലിന് വേണ്ടി വിയേറ്റക്ക് പുറമെ മൂസ മരേഗയാണ് മറ്റൊരു ഗോൾ കുറിച്ചത്. നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ ബാഴ്സയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റയൽ മാഡ്രിഡിന് ആത്മവിശ്വാസം നൽകുന്നതാണ് ക്ലബ് ലോകകപ്പ് കിരീടനേട്ടം. ഇത് ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കിരീടങ്ങൾക്കായി പൊരുതാൻ അവർക്ക് കരുത്ത് നൽകും.