സൂപ്പർകപ്പ് നേടാമെന്ന ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾക്ക് തിരിച്ചടി, ടൂർണമെന്റിനു മുൻപേ ഇവാനു കുരുക്കിടാൻ എഐഎഫ്എഫ്
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എത്തിച്ച് കിരീടം നേടുന്നതിന് തൊട്ടരികിൽ എത്തിച്ച പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. ഈ സീസണിലും സമാനമായൊരു കുതിപ്പ് ബ്ലാസ്റ്റേഴ്സ് നടത്താനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും പ്ലേ ഓഫിൽ റഫറിയെടുത്ത തീരുമാനം അതിനെ ഇല്ലാതാക്കി. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പരിശീലകൻ താരങ്ങളെയും കൂട്ടി കളിക്കളം വിട്ടതോടെ ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്നും പുറത്തായി.
ഇന്ത്യൻ സൂപ്പർലീഗിൽ മുന്നേറുന്നതിനു തടസമുണ്ടായെങ്കിലും ബ്ലാസ്റ്റേഴ്സ് സൂപ്പർകപ്പ് നേടാമെന്ന പ്രതീക്ഷയിലാണ് നിൽക്കുന്നത്. കേരളത്തിൽ നടക്കുന്ന സൂപ്പർകപ്പിൽ ആരാധകരുടെ പിന്തുണയോടെ കിരീടം സ്വന്തമാക്കി അതുവഴി എഎഫ്സി കപ്പ് യോഗ്യത നേടാനുള്ള അവസരം ഉണ്ടാക്കിയെടുക്കാമെന്ന പ്രതീക്ഷയോടെയാണ് ടീമും ആരാധകരും നടക്കുന്നത്. എന്നാൽ നിലവിൽ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം സൂപ്പർകപ്പെന്ന പ്രതീക്ഷയും ബ്ലാസ്റ്റേഴ്സ് കൈവിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
Was told yesterday that AIFF disciplinary committee will announce its decision on Ivan Vukomanovic before the Super Cup https://t.co/DShwYuX1vl
— Marcus Mergulhao (@MarcusMergulhao) March 27, 2023
മാർക്കസ് മെർഗുലാവോയുടെ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ നിന്നും ഇറങ്ങിപ്പോയതിനു ബ്ലാസ്റ്റേഴ്സ് പരിശീലകനെതിരായ നടപടി സൂപ്പർകപ്പിനു മുൻപേ എഐഎഫ്എഫ് തീരുമാനിക്കും. സെർബിയൻ പരിശീലകനെ വിലക്കാനാണ് സാധ്യതയെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ടീമിനെ പരിശീലിപ്പിക്കുന്നതിൽ വിലക്ക് വന്നാൽ സൂപ്പർകപ്പിൽ ഇവാന്റെ സാന്നിധ്യം ഉണ്ടാകില്ല. ഇത് ടീമിന് വലിയ ഭീഷണി തന്നെയാണ്.
പ്രധാന എതിരാളികളായി കാണുന്ന ബെംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ തന്നെയാണ്. ഇവാനെ വിലക്കിയാൽ ബെംഗളൂരുവിനോട് പ്രതികാരം ചെയ്യാനുള്ള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മോഹത്തിനും അത് തിരിച്ചടിയാണ്. മത്സരത്തിന്റെ ഹാഫ് ടൈമിന് ശേഷം പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ച് ടീമിനെ തിരിച്ചു കൊണ്ടുവരാൻ കഴിവുള്ള ഇവാന്റെ സാന്നിധ്യം ഡഗ് ഔട്ടിൽ ഇല്ലെങ്കിൽ അത് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കും.
വിദേശതാരങ്ങൾ അടക്കം ഏറ്റവും മികച്ച ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിനായി ഇറക്കുന്നതെന്നത് അവർക്ക് കിരീടം നേടാനുള്ള ആഗ്രഹം വ്യക്തമാക്കുന്നു. നിലവിൽ ടീം ഇവാന് കീഴിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇവാനെതിരായ നടപടി വിലക്കായി മാറരുതെന്നും പിഴയിലോ മറ്റോ ഒതുങ്ങണമെന്നുമാണ് ആരാധകർ ആഗ്രഹിക്കുന്നത്.