മെസി സമ്മതം മൂളി, മെസിയടക്കം രണ്ടു മുൻ താരങ്ങൾ ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നു

ലയണൽ മെസിയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ലോകകപ്പിന് ശേഷം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. ഇതുവരെയും പിഎസ്‌ജി കരാർ പുതുക്കാൻ തയ്യാറാകാതിരിക്കുന്ന താരം ക്ലബിൽ തുടരാൻ സാധ്യത കുറവാണ്. പിഎസ്‌ജിയിൽ വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ ക്ലബിലെ ആരാധകർ മെസിക്കെതിരെ തിരിഞ്ഞതും താരത്തിന്റെ മനസ് മാറാൻ കാരണമായി.

മെസിയുടെ മുൻ ക്ലബായ ബാഴ്‌സയിലേക്ക് താരം ചേക്കേറുമെന്നാണ് നിലവിൽ ശക്തമായ അഭ്യൂഹങ്ങൾ. എന്നാൽ ബാഴ്‌സ മെസിക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങണമെങ്കിൽ ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം താരം തന്നെ വെളിപ്പെടുത്തണമെന്ന ഉപാധി വെച്ചിട്ടുണ്ട്. ഇതിനു പുറമെ മെസി ടീമിന്റെ പദ്ധതികൾക്ക് അനുസരിച്ച് നിൽക്കണമെന്നും പ്രതിഫലം കുറക്കാൻ തയ്യാറാകണമെന്നും ബാഴ്‌സലോണ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഉപാധികൾ മെസിക്ക് സ്വീകാര്യമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തന്റെ പിതാവും ഏജന്റുമായ ജോർജ് മെസിയോട് ബാഴ്‌സലോണയുമായി കരാർ ചർച്ചകൾ ആരംഭിക്കാൻ മെസി ആവശ്യപ്പെട്ടിട്ടുണ്ട്. സാവിയുമായി മെസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും ആരാധകർ കാത്തിരുന്നതു പോലെയൊരു തിരിച്ചുവരവ് ഉണ്ടാകാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്.

മെസി മാത്രമല്ല ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്ന താരം. കഴിഞ്ഞ സീസണിൽ ജനുവരിയിൽ ടീമിലെത്തി ഗംഭീരപ്രകടനം നടത്തിയ ഒബാമേയാങ്ങും വരുന്ന സമ്മറിൽ ബാഴ്‌സയിൽ എത്താനൊരുങ്ങുകയാണ്. ചെൽസിയിൽ അവസരങ്ങൾ നഷ്‌ടമായ താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചിട്ടുണ്ട്. ചെൽസി താരമായി നിൽക്കുമ്പോൾ തന്നെ അടുത്തിടെ നടന്ന എൽ ക്ലാസിക്കോ മത്സരത്തിന് ശേഷം ഒബാമയാങ് ബാഴ്‌സലോണ ഡ്രസിങ് റൂമിലടക്കം പോയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.