“എല്ലാം നേടിയിട്ടില്ല, ഇനിയൊരു കിരീടം കൂടി ബാക്കിയുണ്ട്”- ലയണൽ മെസിയെ ഓർമിപ്പിച്ച് കോൺമെബോൾ പ്രസിഡന്റ്

ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ലയണൽ മെസിക്ക് നേരത്തെയുണ്ടായിരുന്ന പ്രധാന വിമർശനം ദേശീയ ടീമിനൊപ്പം കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ലെന്നതായിരുന്നു. യൂത്ത് തലത്തിൽ ലോകകപ്പും ഒളിമ്പിക്‌സ് കിരീടവും ഉണ്ടായിരുന്നെങ്കിലും കോപ്പ അമേരിക്ക, ലോകകപ്പ് തുടങ്ങിയ കിരീടങ്ങൾ മെസിയിൽ നിന്നും അകന്നു നിന്നു. നിരവധി തവണ തൊട്ടടുത്ത് ചെന്നു നിന്നിട്ടും ദൗർഭാഗ്യം കൊണ്ട് മെസിക്ക് ആ കിരീടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞില്ല.

എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ അതിനെല്ലാം മെസി മറുപടി നൽകി. 2021ൽ ബ്രസീലിന്റെ മണ്ണിൽ അവരെത്തന്നെ തോൽപ്പിച്ച് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി തുടങ്ങിയ ലയണൽ മെസി 2022ൽ ആദ്യം ഫൈനലിസിമയും അതിനു ശേഷം തന്റെ സ്വപ്‌നമായ ലോകകപ്പും സ്വന്തമാക്കി. ഇതോടെ ക്ലബ് തലത്തിലും ദേശീയ തലത്തിലും ഇനിയൊരു നേട്ടവും സ്വന്തമാക്കാൻ ബാക്കിയില്ലാതെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ലയണൽ മെസി ഉയർന്നു.

എന്നാൽ ലയണൽ മെസി ഇനിയൊരു കിരീടം കൂടി സ്വന്തമാക്കാൻ ബാക്കിയുണ്ടെന്നാണ് സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞത്. മറ്റു കിരീടങ്ങളെല്ലാം മെസിയുടെ കൈകളിൽ എത്തിയെന്നും ഇനി സൗത്ത് അമേരിക്കൻ ഫുട്ബോളിലെ ചാമ്പ്യൻസ് ലീഗായ കോപ്പ ലിബർട്ടഡോസ് താരം നേടാൻ ബാക്കിയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം മെസിയുടെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്.

കോപ്പ ലിബർട്ടഡോസ് കിരീടം നേടണമെങ്കിൽ മെസി ലാറ്റിനമേരിക്കൻ ക്ലബിൽ കളിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ നിലവിലൊന്നും അത് സംഭവിക്കാൻ സാധ്യതയില്ല. മുപ്പത്തിയാറാം വയസിലേക്ക് പോകുന്ന ലയണൽ മെസി ഇപ്പോഴും യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. അതിനു ശേഷം അമേരിക്കൻ ലീഗിലേക്കാവും താരം ചേക്കേറുക. എന്നാൽ തൻറെ മുൻ ക്ലബായ നെവെൽസ് ഓൾഡ് ബോയ്‌സിൽ കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിട്ടുള്ള താരം ഒരിക്കൽ സൗത്ത് അമേരിക്കയിൽ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.