ഇനി ചെറിയ കളികളില്ല, കഴിഞ്ഞ സീസണിലെ ഐഎസ്എൽ ജേതാവിനെ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലും സൂപ്പർകപ്പിലും ഈ സീസണിൽ മോശം പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കായി ടീമിനെ ഒരുക്കുകയാണ്. ദിമിത്രിയുടെ കരാർ പുതുക്കിയതിനു പുറമെ മുന്നേറ്റനിരയിലേക്ക് മറ്റൊരു ഓസ്ട്രേലിയൻ താരമായ ജോഷുവയെ എത്തിച്ചിട്ടുണ്ട്. അതിനു പുറമെ പ്രബീർ ദാസിനെ ബെംഗളൂരുവിൽ നിന്നും സ്വന്തമാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്. ഇതുവരെ മികച്ച നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.
ഇപ്പോൾ മറ്റൊരു താരത്തിനു കൂടി വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. മാക്സിമസ് ഏജന്റ് വെളിപ്പെടുത്തുന്നത് പ്രകാരം കഴിഞ്ഞ സീസണിൽ എടികെ മോഹൻ ബാഗാനോടൊപ്പം ഐഎസ്എൽ കിരീടം സ്വന്തമാക്കിയ മോണ്ടിനെഗ്രിൻ താരമായ സ്ളാവ്കോ ഡാമിയാനോവിച്ചിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു. സ്പാനിഷ് ഡിഫൻഡർ മോങ്കിലിനു പകരമാണ് ബ്ലാസ്റ്റേഴ്സ് ഈ താരത്തെ ലക്ഷ്യമിടുന്നത്.
Kerala Blasters are in talks with defender Slavko Damjanovic#KBFC #IndianFootball #HeroISL pic.twitter.com/gTqt7PKeuQ
— Football Express India (@FExpressIndia) May 18, 2023
പോഗ്ബ, തിരി തുടങ്ങിയ താരങ്ങൾക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ഇക്കഴിഞ്ഞ ഐഎസ്എൽ സീസണിന്റെ ഇടയിൽ വെച്ചാണ് സ്ളാവ്കോയെ മോഹൻ ബഗാൻ സ്വന്തമാക്കുന്നത്. പത്ത് മത്സരങ്ങളിൽ കളിച്ച താരം ഡിഫൻഡർ ആയിരുന്നിട്ടു പോലും ഒരു ഗോൾ നേടിയിരുന്നു. ഇതിനു മുൻപ് ചെന്നൈയിൻ എഫ്സിയിലും കളിച്ചിട്ടുള്ള താരം സെർബിയൻ ക്ലബുമായുള്ള കരാർ റദ്ദ് ചെയ്താണ് മോഹൻ ബഗാനിലേക്ക് എത്തിയത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ വളരെയധികം താൽപര്യമുള്ള താരമാണ് സ്ളാവ്കോ. എഎഫ്സി ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയിൽ കളിച്ചു പരിചയമുള്ള മുപ്പതുകാരനായ താരം ബ്ലാസ്റ്റേഴ്സിൽ എത്തിയാൽ അത് ടീമിനൊരു വലിയ നേട്ടം തന്നെയാണ്. എന്നാൽ സ്ളാവ്കോയെ സ്വന്തമാക്കുക അത്ര എളുപ്പമല്ല. ഈസ്റ്റ് ബംഗാൾ അടക്കം മറ്റു മൂന്നു ക്ലബുകൾ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
Kerala Blasters Are In Talks With Slavko Damjanovic