ലാറ്റിനമേരിക്കൻ ക്ലബിൽ നിന്നും ഗോളടിയന്ത്രത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഈ സീസണിലെ തിരിച്ചടികൾ അടുത്ത സീസണിൽ മാറ്റിയെടുത്ത് ആരാധകരെ സംതൃപ്‌തിപെടുത്താൻ ഒരു കിരീടം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു മുന്നോട്ടു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. ചില താരങ്ങൾ കൊഴിഞ്ഞു പോയെങ്കിലും അവർക്ക് പകരക്കാരെ എത്തിക്കാനുള്ള ശ്രമങ്ങൾ വളരെ വേഗത്തിൽ നടത്തുന്ന ക്ലബ് ഒരു വിദേശതാരത്തിന്റെ സൈനിങ്‌ പൂർത്തിയാക്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയൻ താരമായ ജോഷുവയാണ് മുന്നേറ്റനിരയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരം. ഇപ്പോൾ മറ്റൊരു താരത്തെ കൂടി ഗോളടിച്ചു കൂട്ടാൻ കൊമ്പന്മാർ സ്വന്തമാക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയൻ ലീഗിൽ കളിക്കുന്ന ഡൊമിനിക്കൻ താരം ഡോർണി റൊമേറോയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇരുപത്തിയഞ്ചുകാരനായ റോമെറോ ബൊളീവിയൻ ടോപ് ടയർ ടീമായ ഓൾവെയ്‌സ് റെഡിക്കു വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. 2023ൽ ടീമിലെത്തിയ താരം ഏഴു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ എൽ സീബോ യൂത്ത് സിസ്റ്റത്തിൽ തുടങ്ങി അഞ്ചു വർഷത്തോളം അവിടെ ഉണ്ടായിരുന്ന താരം പിന്നീട് റിയൽ സാന്താക്രൂസിലേക്ക് ചേക്കേറി അവിടെ 51 മത്സരങ്ങളിൽ നിന്നും 17 ഗോളുകൾ നേടി.

ഡൊമിനിക്കൻ റിപ്പബ്ലിക്ക് ദേശീയ ടീമിനായി 23 മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളും താരം നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായി പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്തു നിൽക്കുന്ന ടീം അവരുടെ പ്രധാന ഗോൾസ്കോററെ വിട്ടുകൊടുക്കുമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. ബൊളീവിയൻ ക്ലബുമായി കരാറുള്ള താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്‌ഫർ ഫീസും നൽകേണ്ടി വരും.

Kerala Blasters Give Official Offer To Dorny Romero