പോർച്ചുഗൽ താരത്തിന്റെ പ്രിയപ്പെട്ട സ്‌ക്വാഡിൽ റൊണാൾഡോയില്ല, മെസിയും നെയ്‌മറും ടീമിൽ | Joao Felix

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളായി വളരെക്കാലം അടക്കി ഭരിച്ചവരാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഏതാണ്ട് പതിനഞ്ചു വർഷത്തോളം ഈ രണ്ടു താരങ്ങളും മറ്റൊരാൾക്കും തങ്ങളുടെ സ്ഥാനം നൽകാതെ മുന്നോട്ടു കൊണ്ടു പോവുകയുണ്ടായി. അതുകൊണ്ടു തന്നെ ഈ രണ്ടു താരങ്ങൾക്കും ചുറ്റും ഫുട്ബോൾ ആരാധകർ കറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു. ഇവരിൽ ആരാണ് മികച്ചതെന്ന ചോദ്യവും നിരന്തരം ഉയർന്നു വന്നിരുന്നു.

ഇവർക്കൊപ്പം കളിക്കുന്ന താരങ്ങൾ മിക്കവാറും സഹതാരമായി കളിക്കുന്നയാളെ മികച്ചതായി തിരഞ്ഞെടുക്കുകയാണ് പതിവ്. റൊണാൾഡോ കളിക്കുന്ന ക്ലബ്, ദേശീയ ടീം എന്നിവയിലെ താരങ്ങൾ റൊണാൾഡോ മികച്ചതായി പറയുമ്പോൾ മെസിയുടെ ടീമിലുള്ളവർ മെസിയെ മികച്ച താരമായും വിലയിരുത്തും. രണ്ടു പേർക്കുമൊപ്പം കളിക്കുന്നവർ നിക്ഷ്പക്ഷമായി നിൽക്കുമ്പോൾ വളരെ അപൂർവമായി ചിലർ മാറ്റിപ്പറയുന്നതും കാണാറുണ്ട്.

കഴിഞ്ഞ ദിവസം പോർച്ചുഗൽ താരം ജോവോ ഫെലിക്‌സ് തന്റെ ഏറ്റവും പ്രിയപ്പെട്ട നാലംഗ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പൂർണമായും ഒഴിവാക്കിയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അതേസമയം ലയണൽ മെസിയെ താരം ടീമിലുൾപ്പെടുത്തുകയും ചെയ്‌തു. ലയണൽ മെസി, നെയ്‌മർ എന്നിവർക്കൊപ്പം പോർച്ചുഗൽ സഹതാരം ബെർണാഡോ സിൽവയെയും തിരഞ്ഞെടുത്തപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴിവാക്കപ്പെട്ടു.

അതിനു പിന്നാലെ ഫെലിക്‌സിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്‌തുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. താരത്തിന്റെ ഫോളോവേഴ്‌സ് ലിസ്റ്റിൽ ഫെലിക്‌സിന്റെ പേരില്ലെന്നു വ്യക്തമാണെങ്കിലും റൊണാൾഡോ ചെൽസി താരത്തെ ഫോളോ ചെയ്‌തിട്ടുണ്ടായിരുന്നോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. നേരത്തെ മെസി ബാലൺ ഡി ഓർ അർഹിക്കുന്നുവെന്ന് പറഞ്ഞ ബെർണാഡോ സിൽവയെയും റൊണാൾഡോ അൺഫോളോ ചെയ്‌തുവെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു.

Joao Felix Selects His Favorite Team With Messi Neymar Bernardo Silva