ലയണൽ മെസിയുടെ ഏറ്റവും മികച്ച വേർഷൻ അർജന്റീനക്കൊപ്പം, പടുത്തുയർത്തിയത് അസാധാരണ ടീമിനെയെന്ന് പെപ് ഗ്വാർഡിയോള | Lionel Messi
ഖത്തർ ലോകകപ്പിൽ അസാമാന്യമായ പ്രകടനമാണ് അർജന്റീന നടത്തിയത്. ആദ്യമത്സരത്തിൽ തോൽവി വഴങ്ങിയ അവർ അതിൽ നിന്നും ശക്തമായി തിരിച്ചു വന്നു. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമല്ലാതിരുന്നിട്ടും കെട്ടുറപ്പോടെ പൊരുതിയ അർജന്റീന പിനീടുള്ള ഓരോ മത്സരങ്ങളിലും ആധികാരികതയോടെയും ആത്മവിശ്വാസത്തോടെയും പൊരുതിയാണ് പതിറ്റാണ്ടുകൾക്ക് ശേഷം ലോകകപ്പ് സ്വന്തമാക്കിയത്.
ഒറ്റക്കെട്ടായി നിൽക്കുന്ന മികച്ചൊരു സ്ക്വാഡിനെ ഉണ്ടാക്കിയാണ് ലയണൽ സ്കലോണി അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായ കാര്യമാണ്. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളയും ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി. ലയണൽ മെസിയുടെ ഏറ്റവും മികച്ച വേർഷനുകളിലൊന്ന് അർജന്റീനക്കൊപ്പമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Pep Guardiola: “Argentina was the best team in the World Cup. It was smelled that they had created a unique group. It was one of the best versions of Leo. I was very happy for him, Otamendi and Julián. He is ending his career with the title he was missing.” @SC_ESPN 🗣️🇪🇸 pic.twitter.com/GlTpkSbHPF
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 6, 2023
“അർജന്റീന ലോകകപ്പിലെ ഏറ്റവും മികച്ച ടീമായിരുന്നുവെന്നതിൽ സംശയമില്ല. അവർ അസാധാരണമായൊരു സ്ക്വാഡിനെ സൃഷ്ടിച്ചുവെന്ന തോന്നൽ നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. ലിയോയുടെ ഏറ്റവും മികച്ച വേർഷനുകളിൽ ഒന്നാണവിടെ കണ്ടത്. മെസിക്കൊപ്പം ഒട്ടമെൻഡി, ഹൂലിയൻ അൽവാരസ് എന്നിവരെ ആലോചിക്കുമ്പോഴും എനിക്ക് സന്തോഷമുണ്ട്. ഇതുവരെ നേടാനാവാതെ പോയ കിരീടം സ്വന്തമാക്കാൻ താരത്തിനായി.” പെപ് പറഞ്ഞു.
ലോകകപ്പ് ഉൾപ്പെടെ മൂന്നു കിരീടങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന സ്വന്തമാക്കിയിരുന്നു. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റും അവരുടെ ലക്ഷ്യങ്ങളിലൊന്നാണ്. അതേസമയം ഈ സീസണിൽ മൂന്നു കിരീടങ്ങൾ നേടാനാണ് പെപ് ഗ്വാർഡിയോള തയ്യാറെടുക്കുന്നത്. പ്രീമിയർ ലീഗ്, എഫ്എ കപ്പ് എന്നിവ നേടിയ അവർ ചാമ്പ്യൻസ് ലീഗ് ഫൈനലിന് തയ്യാറെടുക്കുന്നു.
Guardiola Praise Lionel Messi And Argentina