അർജന്റീന അടുത്ത കോപ്പ അമേരിക്കയും ലോകകപ്പും നേടാനുറപ്പിച്ചു തന്നെ, അണിയറയിൽ വമ്പൻ പദ്ധതികൾ | Argentina
2018 ലോകകപ്പിൽ നിരാശപ്പെടുത്തുന്ന രീതിയിൽ പുറത്തായതിന് ശേഷം 2022ലെ ലോകകപ്പ് നേടുന്ന ടീമെന്ന തലത്തിലേക്ക് അർജന്റീന വളർന്നത് ഒരുപാട് ആളുകളുടെ പ്രയത്നങ്ങളുടെ ഫലമായാണ്. കൃത്യമായൊരു പദ്ധതിയുമായി അർജന്റീന ഫുട്ബോൾ അസോസിയേഷനും തന്ത്രങ്ങൾ ഒരുക്കി ലയണൽ സ്കലോണിയെന്ന പരിശീലകനും ലയണൽ മെസിയെന്ന അതികായന്റെ മാന്ത്രികതയുമെല്ലാം അർജന്റീന ഫുട്ബോൾ ടീമിന്റെ നേട്ടങ്ങളിൽ ഒരുപോലെ നിൽക്കുന്നു.
രണ്ടു വർഷത്തിനിടെ സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ അർജന്റീന തങ്ങളുടെ പദ്ധതികൾ അതിനേക്കാൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോവുകയാണ്. അടുത്ത വർഷത്തെ കോപ്പ അമേരിക്കയും 2026 ലോകകപ്പും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ മുൻനിർത്തി അമേരിക്കയിലെ മിയാമിയിൽ പുതിയ സൗകര്യം ഉണ്ടാക്കാൻ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു കഴിഞ്ഞു. അമേരിക്കയിൽ വെച്ചാണ് ഈ രണ്ടു ടൂർണമെന്റുകളും നടക്കുന്നത്.
🚨 Argentina's Football Federation (AFA) is close to finalizing a deal to build a second facility in Miami. It will be AFA's largest facility in the U.S. @FelipeCar 🏢🇺🇸 pic.twitter.com/tvacOKHDYo
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 18, 2023
അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരവും നായകനുമായ ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു പിന്നാലെയാണ് എഎഫ്എ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഇതോടെ അമേരിക്കൻ ലീഗിൽ കളിക്കുന്ന മെസിക്ക് അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായി അടുത്ത് നിൽക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. നിരവധി ട്രെയിനിങ് സെഷനുകൾ നടത്താൻ കഴിയുന്ന സൗകര്യം ആ തരത്തിലും അർജന്റീനയെ സഹായിക്കും.
അടുത്ത ലോകകപ്പിൽ കളിക്കുമെന്ന കാര്യത്തിൽ ലയണൽ മെസി ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ല. അതിനു മുൻപ് വിരമിക്കുമെന്ന സൂചനകൾ താരം നൽകുന്നുണ്ടെങ്കിലും ടൂർണമെന്റിന് താരം ഉണ്ടാകുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മെസിക്കരികിലേക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷനും എത്തിയതോടെ വരുന്ന ടൂർണമെന്റുകളിൽ താരം തന്നെയായിരിക്കും ടീമിന്റെ കുന്തമുനയെന്ന സൂചനയും ലഭിക്കുന്നുണ്ട്.
Argentina Football Association To Built A Facility In Miami