മെസിയെ ഞെട്ടിച്ച ഫ്രീകിക്ക് ഗോളുമായി അർജന്റീന താരം, അഭിനന്ദിച്ച് ജേഴ്‌സി കൈമാറി മെസി | Messi

ഇന്റർ മിയാമിയും എഫ്‌സി ഡള്ളാസും തമ്മിലുള്ള മത്സരം കഴിഞ്ഞപ്പോൾ വാർത്തകളിൽ നിറയുന്നത് ലയണൽ മെസിയാണ്. രണ്ടു ഗോൾ നേടിയ താരം ടീം നേടിയ നാല് ഗോളിലും പങ്കു വഹിക്കുകയുണ്ടായി. ആദ്യത്തെയും അവസാനത്തെയും ഗോൾ മെസി സ്വന്തമാക്കിയപ്പോൾ രണ്ടാമത്തെ ഗോളിനുള്ള പ്രീ അസിസ്റ്റ് നൽകിയതും അതിനു ശേഷം മൂന്നാമത്തെ ഗോളിന് കാരണമായ ഫ്രീ കിക്ക് എടുത്തതും മെസിയായിരുന്നു.

ഇന്റർ മിയാമിക്ക് വേണ്ടി മെസി മികച്ച പ്രകടനം നടത്തിയപ്പോൾ ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് കുതിച്ചിരുന്ന ഡള്ളാസിനു വേണ്ടിയും ഒരു അർജന്റീന താരമാണ് തിളങ്ങിയത്. എഫ്‌സി ഡള്ളാസിന്റെ ഇരുപത്തിയൊന്ന് വയസുള്ള അർജന്റീന താരമായ അലൻ വാലസ്‌കോയാണ് ടീമിന്റെ മുന്നേറ്റങ്ങളിൽ പ്രധാന പങ്കു വഹിച്ചത്. മത്സരത്തിൽ താരം ഒരു ഗോൾ നേടുകയും ചെയ്‌തു.

മത്സരത്തിന്റെ അറുപത്തിമൂന്നാം മിനുട്ടിലാണ് വെലാസ്കോയുടെ ഗോൾ പിറന്നത്. ത്രോ ലൈനിനു അരികിൽ നിന്നും ലഭിച്ച ഫ്രീ കിക്ക് താരം ബോക്‌സിലേക്ക് തൊടുക്കുകയായിരുന്നു. ഇന്റർ മിയാമി ഗോൾകീപ്പർ ആശയക്കുഴപ്പത്തിൽ നിന്നപ്പോൾ പന്ത് നേരെ വലയിലേക്ക് കയറി. ഇതിനു പുറമെ ഡ്രിബിളിംഗുകളും മികച്ച പാസുകളുമായും താരം ഇന്റർ മിയാമിക്ക് വലിയ തലവേദന സൃഷ്‌ടിച്ചു.

ലയണൽ മെസിയുടെ ശ്രദ്ധ പിടിച്ചെടുക്കാൻ കഴിയണമെന്ന് മത്സരത്തിന് മുൻപ് ആഗ്രഹിച്ച താരത്തിന് അതിനു കഴിഞ്ഞു. മത്സരത്തിന് ശേഷം വെലാസ്കോയുടെ അരികിലെത്തിയ ലയണൽ മെസി താരത്തെ അഭിനന്ദിക്കുകയും ജേഴ്‌സികൾ കൈമാറുകയും ചെയ്‌തു. ഈ മത്സരത്തോടെ അലൻ വെലാസ്കോയെ കൂടുതൽ പേർ ശ്രദ്ധിച്ചു തുടങ്ങിയെന്ന കാര്യത്തിൽ സംശയമില്ല.

Messi Swap Jersey With Alan Velasco