മെസിയുടെ അഭാവത്തിൽ ഡി മരിയ നിറഞ്ഞാടി, ലാ പാസിലും തളരാതെ സ്കലോണിപ്പട | Argentina
ബൊളീവിയയിലെ ലാ പാസ് തങ്ങൾക്ക് ബാലികേറാമലയല്ലെന്നു തെളിയിച്ച് ലോകചാമ്പ്യന്മാരായ അർജന്റീന. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ലയണൽ മെസിക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ അർജന്റീനയുടെ നായകനായി ഇറങ്ങി രണ്ട് അസിസ്റ്റുമായി ടീമിനെ മുന്നിൽ നിന്നു നയിച്ച ഏഞ്ചൽ ഡി മരിയയാണ് താരം. ഇതോടെ ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിലും അർജന്റീന വിജയം നേടി.
അർജന്റീനയെ തടുക്കാൻ ബൊളീവിയ പരുക്കൻ അടവുകൾ പുറത്തെടുത്ത മത്സരത്തിൽ മുപ്പത്തിയൊന്നാം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്റെ ഗോളിൽ ലോകചാമ്പ്യന്മാർ മുന്നിലെത്തി. മനോഹരമായൊരു നീക്കത്തിനൊടുവിൽ ഡി മരിയയുടെ പാസിനു കാൽ വെച്ചാണ് എൻസോ ഫെർണാണ്ടസ് അർജന്റീന ടീമിനെ മുന്നിലെത്തിച്ചത്. അതിനു പിന്നാലെ ക്രിസ്റ്റ്യൻ റൊമേറോയെ ഫൗൾ ചെയ്തതിനു ബൊളീവിയൻ താരം ഫെർണാണ്ടസ് ചുവപ്പുകാർഡ് വാങ്ങിപ്പോയത് അർജന്റീനക്ക് ആശ്വാസമായി.
2 assist for Angel di Maria
1 goal for Enzo Fernandez
1 goal for Tagliafico
1 goal for Gonzalez#ARGBOL #ArgentinaNT #Argentinapic.twitter.com/nYDXjDoBcH— 3.14⚽ (@machinemessi) September 13, 2023
അതിനു പിന്നാലെ തന്നെ ഏഞ്ചൽ ഡി മരിയയുടെ ക്രോസിന് തല വെച്ച് ടാഗ്ലിയാഫിക്കോ അർജന്റീന ടീമിന്റെ ലീഡുയർത്തി. ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളിന്റെ ലീഡ് നേടിയ അർജന്റീന ആത്മവിശ്വാസത്തോടെ ഇറങ്ങിയ രണ്ടാം പകുതിയിൽ ബൊളീവിയൻ പ്രതിരോധതാരത്തിന്റെ പിഴവിൽ നിന്നും പന്ത് ലഭിച്ച പലാസിയോസ് നൽകിയ പാസിൽ നിന്നും നിക്കോളാസ് ഗോൺസാലസ് അർജന്റീനയുടെ പട്ടിക തികച്ചു. ഇതോടെ ഇന്റർനാഷണൽ ബ്രേക്ക് മികച്ച രീതിയിൽ പൂർത്തിയാക്കാൻ അർജന്റീനക്കായി.
ലാ പാസിലെ ശ്വാസം മുട്ടിക്കുന്ന സ്റ്റേഡിയം തങ്ങൾക്ക് മുൻപൊരു പ്രതിസന്ധി ആയിരുന്നെങ്കിലും ഇപ്പോൾ അങ്ങിനെയല്ലെന്ന് ഈ വിജയത്തോടെ തെളിയിക്കാൻ അർജന്റീനക്ക് കഴിഞ്ഞു. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ബൊളീവിയയുടെ മൈതാനത്ത് അർജന്റീന വിജയം നേടുന്നത്. ഈ രണ്ടു വിജയങ്ങളും സ്കലോണി പരിശീലകനായിരിക്കുമ്പോഴായിരുന്നു. സ്കലോണിയുടെ കീഴിൽ അർജന്റീനയുടെ മനോഭാവത്തിൽ വന്ന മാറ്റം ഇതു വ്യക്തമാക്കുന്നു.
Argentina Won Against Bolivia In La Paz