വിരസമായിരുന്ന മത്സരത്തിന്റെ ഗതിമാറ്റിയ മാജിക്കൽ പാസ്; “അഡ്രിയാൻ ലൂണ – ദി റിയൽ ഗെയിം ചേഞ്ചർ” | Luna

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകനായതിനു ശേഷം യുറുഗ്വായ് താരമായ അഡ്രിയാൻ ലൂണയുടെ പ്രകടനം ഒന്നുകൂടി മെച്ചപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. താൻ നയിക്കുന്ന ടീമിനെ ഈ സീസണിൽ കിരീടത്തിലേക്ക് നയിക്കണമെന്ന ആഗ്രഹത്തോടെ കളിക്കുന്ന താരം മൈതാനത്ത് മുഴുവൻ സമയവും അദ്ധ്വാനിക്കുന്നുണ്ട്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണ കൂടി ലഭിക്കുമ്പോൾ യുറുഗ്വായ് താരം കൂടുതൽ വീര്യത്തോടെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പൊരുതുന്നു.

ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ രണ്ടു ടീമുകളും ഒരു സമയം വരെ വിരസമായ പ്രകടനമാണ് നടത്തിയത്. മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം പ്രതിരോധത്തിൽ തട്ടിത്തകരുന്ന കാഴ്‌ചയായിരുന്നു. മത്സരം തുടങ്ങി അര മണിക്കൂർ പിന്നിട്ടപ്പോഴും രണ്ടു ടീമിന്റെയും ഗോൾകീപ്പർമാരെ പരീക്ഷിക്കാൻ മുന്നേറ്റനിര താരങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ അതിനിടയിൽ ലഭിച്ച ഒരേയൊരു അവസരം ലൂണ കൃത്യമായി ഉപയോഗപ്പെടുത്തിയതോടെ മത്സരത്തിന്റെ ഗതി തന്നെ മാറുകയുണ്ടായി.

മുപ്പത്തിരണ്ടാം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയ ഗോൾ വരുന്നത്. തനിക്ക് നേരെ വന്ന പാസ് ദിമിത്രിയോസിനു കാലിൽ ഒതുക്കാൻ കഴിയാതെ വന്നപ്പോൾ അത് ഈസ്റ്റ് ബംഗാൾ താരത്തിന്റെ കാലിലെത്തി. അപ്പോഴേക്കും ഓടിയെത്തി പന്ത് തട്ടിയെടുത്ത ലൂണ അതൊന്നു ഒതുക്കിയതിനു ശേഷം ലൈനിലൂടെ ഒറ്റക്ക് മുന്നേറുകയായിരുന്നു ഡൈസുകെക്ക് കൈമാറി. തടുക്കാൻ ആരുമില്ലാതെ മുന്നേറിയ ഡൈസുകെ ഗോൾകീപ്പറെ മറികടന്ന് ലക്‌ഷ്യം കാണുകയും ചെയ്‌തു.

അതിനു ശേഷം മത്സരത്തിന്റെ ഗതി തന്നെ മാറുകയാണുണ്ടായത്. രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ തുടർച്ചയായ ആക്രമണങ്ങൾ സംഘടിപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും ഗോൾകീപ്പറും ഇളകാതെ നിന്നു. ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റങ്ങളുടെ ഫലമായി തന്നെയാണ് അവർക്ക് പെനാൽറ്റി ലഭിച്ചത്. അത് സച്ചിൻ സുരേഷ് രക്ഷപ്പെടുത്തിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ ഗോളും വന്നു. ഒടുവിൽ അനാവശ്യമായി അവസാന മിനുട്ടിൽ വരുത്തിയ പിഴവാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ക്ലീൻഷീറ്റ് നഷ്‌ടമാക്കിയത്.

എന്തായാലും അതുവരെ വലിയ മുന്നേറ്റങ്ങളൊന്നും ഉണ്ടാകാതിരുന്ന മത്സരത്തെ ലഭിച്ച ഒരൊറ്റ അവസരം കൊണ്ട് മാറ്റിയെടുത്ത ലൂണ തന്നെയാണ് ഹീറോ. പരിചയസമ്പന്നനായ, വളരെയധികം പ്രതിഭയുള്ള ഒരു താരത്തിന് ഒരു നിമിഷം കൊണ്ട് മത്സരത്തെ മാറ്റിമറിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ആ പാസ്. ഇതുകൊണ്ടാണ് ആരാധകരുടെ പ്രിയപ്പെട്ട താരമായി ലൂണ എന്നും നിലനിൽക്കുന്നത്. ആ പാസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ടീമിന്റെ ആദ്യഗോൾ നേടിയ ഡൈസുകെയും അഭിനന്ദനം അർഹിക്കുന്നു.

Adrian Luna Changed Game With Assist To Daisuke