ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇനിയും ശുഭവാർത്ത കാത്തിരിക്കേണ്ടതില്ല, അഡ്രിയാൻ ലൂണയുടെ ശസ്ത്രക്രിയ പൂർത്തിയായി | Adrian Luna

അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയെന്നും ഈ സീസൺ മുഴുവൻ താരത്തിന് നഷ്‌ടമാകുമെന്നുള്ള വാർത്തകളാണ് കഴിഞ്ഞ രണ്ടു ദിവസമായി വന്നു കൊണ്ടിരിക്കുന്നത്. നിരവധി പേർ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തു വിട്ടെങ്കിലും ചെറിയൊരു പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉണ്ടായിരുന്നു. ലൂണയുടെ പരിക്കുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നതിനാൽ താരം തിരിച്ചു വരുമെന്ന് തോന്നൽ ഉണ്ടായിരുന്നു.

എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകളെ മുഴുവനായും തല്ലിക്കെടുത്തി കളയുന്ന ഒന്നാണ്. പ്രമുഖ മാധ്യമമായ ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ശസ്ത്രക്രിയ പൂർത്തിയായിട്ടുണ്ട്. താരം കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയത് കാലിനുള്ള ശസ്ത്രക്രിയ പൂർത്തിയാക്കാൻ വേണ്ടി തന്നെയാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.

ലൂണയുടെ ഇടതുകാൽമുട്ടിനാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ഇതിൽ നിന്നും മോചിതനാകാൻ എത്ര സമയം വേണ്ടി വരുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് മൂന്നു മാസം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഈ സീസൺ താരത്തിന് പൂർണമായും നഷ്‌ടപ്പെടാനുള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണ്.

ശസ്ത്രക്രിയ പൂർത്തിയായതിനു ശേഷം താരം തന്റെ നാടായ യുറുഗ്വായിലേക്ക് തന്നെ തിരിച്ചു പോയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ലൂണയില്ലാത്ത ടീമിനെക്കുറിച്ച് ഇനി ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് വ്യക്തം. എന്നാൽ യുറുഗ്വായ് താരത്തിന്റെ സാന്നിധ്യമില്ലാതെ ഇറങ്ങിയ കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ലീഗിലെ കുഞ്ഞൻ ടീമുകളിലൊന്നായ പഞ്ചാബിനോട് പതറിയിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ നട്ടെല്ലെന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന താരത്തെയാണ് നഷ്‌ടമായിരിക്കുന്നത്. ഈ സീസണിൽ ഒൻപത് മത്സരങ്ങൾ കളിച്ച താരം അതിൽ ഏഴെണ്ണത്തിലും ഗോളോ അസിസ്റ്റോ സ്വന്തമാക്കി. ഇരുപത്തിയാറ് അവസരങ്ങളാണ് ഇത്രയും മത്സരങ്ങളിൽ നിന്നും ലൂണ സൃഷ്‌ടിച്ചത്‌. അത്രയും മികച്ചൊരു താരത്തിന്റെ അസാന്നിധ്യം ടീമിനുണ്ടാക്കുന്ന വിടവ് വളരെ വലുതാണ്.

Adrian Luna Finished Surgery