കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത, അഡ്രിയാൻ ലൂണ തിരിച്ചെത്തി; ദിമിത്രിയോസും പരിശീലനം ആരംഭിച്ചു | Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുന്നതിനിടെ ആരാധകർക്ക് വലിയൊരു സന്തോഷവാർത്ത. ടീമിന്റെ പ്രധാന താരമായ അഡ്രിയാൻ ലൂണ ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ ദിവസം ഷൈജു ദാമോദരനും അഡ്രിയാൻ ലൂണായും മുംബൈയിൽ ഒരുമിച്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം പരിക്കിൽ നിന്നും മോചിതനാകാനുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അഡ്രിയാൻ ലൂണ മുംബൈയിൽ എത്തിയിരിക്കുന്നത്. മുംബൈയിൽ വെച്ചായിരുന്നു താരത്തിന് പരിക്കേറ്റതിനു ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ പരിശോധനകൾ നടത്തുന്നതിന്റെ ചിത്രം താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വെക്കുകയും ചെയ്‌തിട്ടുണ്ട്.

ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന താരം എന്നാണു കളിക്കളത്തിലേക്ക് തിരിച്ചു വരികയെന്ന കാര്യത്തിൽ വ്യക്തതയില്ല. ലൂണക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് മറ്റൊരു താരത്തെ സ്വന്തമാക്കിയ സ്ഥിതിക്ക് ഈ സീസനിലിനി താരം കളിക്കുമോയെന്ന കാര്യം സംശയമാണ്. എങ്കിലും സീസണിനു മുൻപ് ലൂണ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതിനിടയിൽ ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം പരിശീലനം നടത്താതിരുന്ന ദിമിത്രിയോസ് കഴിഞ്ഞ ദിവസം ട്രെയിനിങ് ആരംഭിച്ചതിന്റെ ചിത്രങ്ങൾ പുറത്തു വന്നത് ബ്ലാസ്റ്റേഴ്‌സിന് ഇരട്ടി കരുത്തായി മാറിയിട്ടുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ദിമിത്രിയോസ്. ലൂണയുടെ അഭാവത്തിൽ ടീമിന്റെ ക്രിയേറ്റിവ് എഞ്ചിനായി താരം പ്രവർത്തിക്കുന്നു.

അടുത്ത മത്സരത്തിൽ പഞ്ചാബിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയെ കീഴടക്കിയ പഞ്ചാബ് ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കൊച്ചിയിൽ വെച്ചാണ് മത്സരമെന്നത് ബ്ലാസ്റ്റേഴ്‌സിനു കരുത്താണ്. ഈ സീസണിൽ കൊച്ചിയിൽ ഒരു മത്സരം പോലും കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയിട്ടില്ല.

Adrian Luna In Mumbai For Rehabilitation