തോൽവിക്ക് പിന്നാലെ അൽ ഹിലാലിന്റെ സ്‌കാർഫ് കൊണ്ടു രഹസ്യഭാഗങ്ങൾ തുടച്ച് റൊണാൾഡോ, താരത്തിനെതിരെ വലിയ പ്രതിഷേധം | Ronaldo

റിയാദ് സീസൺ കപ്പിന്റെ ഫൈനലിൽ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും സൗദിയിലെ മറ്റൊരു വമ്പൻ ക്ലബായ അൽ ഹിലാലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ ഹിലാലാണ് വിജയം നേടിയത്. മത്സരത്തിൽ റൊണാൾഡോ മുഴുവൻ സമയവും കളിച്ചിരുന്നെങ്കിലും വളരെ മോശം പ്രകടനമാണ് നടത്തിയത്.

പതിനേഴാം മിനുട്ടിൽ മുൻ ലാസിയോ താരം മിലിങ്കോവിച്ച് സാവിച്ചും മുപ്പതാം മിനുട്ടിൽ സലേം അൽ ദവ്സാരിയുമാണ് അൽ ഹിലാലിന്റെ ഗോളുകൾ നേടിയത്. ഇതിനു മറുപടി നൽകാൻ അൽ നസ്റിന് കഴിഞ്ഞില്ല. റൊണാൾഡോക്ക് നിരവധി വമ്പൻ അവസരങ്ങൾ മത്സരത്തിൽ ലഭിച്ചെങ്കിലും അതെല്ലാം താരം തുലച്ചു കളഞ്ഞത് ടീമിന് തിരിച്ചടിയായി.

മത്സരത്തിനിടയിൽ അൽ ഹിലാൽ ആരാധകർ മെസി ചാന്റുകൾ ഉയർത്തിയിരുന്നു. ഇതിനോട് വളരെ പ്രകോപനപരമായ രീതിയിലാണ് താരം പ്രതികരിച്ചത്. കൈകൾ ഉയർത്തി നിങ്ങൾ വീണ്ടും മെസി ചാന്റുകൾ പാടൂ, എന്നെയത് ബാധിക്കാൻ പോകുന്നില്ലെന്ന തരത്തിൽ ആംഗ്യമെല്ലാം റൊണാൾഡോ നടത്തിയിരുന്നു. മത്സരത്തിലെ തോൽവിയിലും താരം രോഷാകുലനായിരുന്നു.

മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴുണ്ടായ സംഭവം വിവാദമായി മാറാനുള്ള സാധ്യതയുണ്ട്. ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന റൊണാൾഡോക്ക് നേരെ അൽ ഹിലാൽ ആരാധകർ ടീമിന്റെ സ്‌കാർഫ് എറിഞ്ഞു നൽകിയിരുന്നു. ഇതെടുത്ത് രഹസ്യഭാഗം തുടച്ച് വലിച്ചെറിയുന്ന റൊണാൾഡോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്.

താരത്തിന്റെ പ്രവൃത്തിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. ഒരു സൂപ്പർതാരമെന്ന നിലയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് റൊണാൾഡോയിൽ നിന്നും ഉണ്ടായതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതുപോലെ റൊണാൾഡോ മോശം പ്രകടനം നടത്തിയതിനു മറ്റുള്ള ടീമിനോട് പ്രതിഷേധം കാണിക്കേണ്ട കാര്യമുണ്ടോയെന്നും പലരും ചോദിക്കുന്നുണ്ട്.

Ronaldo Cleans His Body With Al Hilal Scarf