ലൂണയുടെ ബ്ലാസ്റ്റേഴ്സ് കരിയർ തന്നെ അവസാനിക്കാൻ സാധ്യത, പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്സ് | Adrian Luna
മുട്ടുകാലിനു പരിക്കേറ്റ അഡ്രിയാൻ ലൂണ ശസ്ത്രക്രിയ പൂർത്തിയാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടീമിന്റെ നായകനും ഏറ്റവും പ്രധാനപ്പെട്ട താരവുമായ ലൂണയുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ താരം മൂന്നു മാസത്തോളം കളിക്കളത്തിനു വെളിയിൽ ഇരിക്കേണ്ടി വരുമെന്നതിനാൽ തന്നെ ഈ സീസണിൽ ഇനി ലൂണയുടെ സേവനം ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കേണ്ടതില്ല.
ലൂണയുടെ ഇപ്പോഴത്തെ പരിക്ക് താരത്തിന്റെ ബ്ലാസ്റ്റേഴ്സ് കരിയറിന് തന്നെ അവസാനം കുറിച്ചേക്കാമെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കരിയറിൽ വലിയ പരിക്കുകൾ വേട്ടയാടിയിട്ടുള്ള താരമല്ല ലൂണ. അതിനാൽ തന്നെ ഇപ്പോഴത്തെ പരിക്കും അതിന്റെ ഭാഗമായി നടന്ന ശസ്ത്രക്രിയയും താരത്തിന്റെ ഫോമിൽ മാറ്റം വരുത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഫോമിൽ ഇടിവ് സംഭവിച്ചാൽ താരത്തെ ടീമിനൊപ്പം നിലനിർത്തണോയെന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതികൂലമായ തീരുമാനം എടുത്തേക്കാം.
Magician 💔
It's hard to find a better replacement for him in Jan transfer window as better players are already in contract.#KBFC pic.twitter.com/wYv9wVjFaW— Sarath (@connecttosarath) December 15, 2023
ഈ സീസൺ കഴിയുന്നത് വരെ മാത്രമാണ് അഡ്രിയാൻ ലൂണക്ക് കേരള ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. ഈ സീസൺ മുഴുവൻ താരം പുറത്തിരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ആ കരാർ പുതുക്കുന്ന കാര്യത്തിലും ബ്ലാസ്റ്റേഴ്സ് എന്ത് തീരുമാനം എടുക്കുമെന്ന് കണ്ടറിയുക തന്നെ വേണം. എന്നാൽ പരിക്കിൽ നിന്നും മോചിതനായി തന്റെ ഫോം വീണ്ടെടുക്കാൻ ലൂണക്ക് കഴിയുകയാണെങ്കിൽ താരത്തിന് പുതിയ കരാർ നൽകുന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ടാമതൊന്ന് ആലോചിക്കില്ലെന്നുറപ്പാണ്.
— KBFC XTRA (@kbfcxtra) December 15, 2023
മറ്റൊരു കാര്യം ജനുവരിയിൽ ലൂണക്ക് പകരക്കാരനായി മറ്റൊരു താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നതാണ്. അഡ്രിയാൻ ലൂണ ടീമിന് എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ അതുപോലെ തന്നെ മികച്ചൊരു താരത്തെ എത്തിച്ചാലേ ഈ സീസണിലെ കിരീടപ്രതീക്ഷകൾ നിലനിൽക്കുകയുള്ളൂ. അങ്ങിനെയൊരു താരമെത്തി മികച്ച പ്രകടനം നടത്തിയാലും അത് ലൂണയുടെ സ്ഥാനത്തെ ബാധിക്കാനിടയുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എന്തായാലും കരാർ പുതുക്കുമെന്ന സാഹചര്യത്തിൽ നിൽക്കുമ്പോഴാണ് അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരവും ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരനുമാണ് ലൂണയെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ഇനി താരത്തിന്റെ കാര്യത്തിൽ കരുതലോടെയുള്ള ഒരു സമീപനമാണ് നേതൃത്വത്തിൽ നിന്നും ഉണ്ടാകാൻ സാധ്യതയുള്ളത്. തന്റെ ഫിറ്റ്നസും ഫോമും ലൂണ പെട്ടന്ന് തിരിച്ചു പിടിക്കണമെന്ന് ആരാധകർ പ്രാർത്ഥിച്ചു തുടങ്ങാൻ സമയമായി.
Adrian Luna Injury May End His Kerala Blasters Career