ഇതാണ് മലയാളികളുടെ സ്വന്തം ക്ലബ്, മധ്യനിരയിൽ മുഴുവൻ മലയാളി താരങ്ങളെ ഇറക്കി ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോയിസം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ദുർബലരായ ക്ലബുകളിലൊന്നായ പഞ്ചാബ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയിരുന്നെങ്കിലും അതത്ര മികച്ചതായിരുന്നു എന്നു കരുതാൻ കഴിയില്ല. എന്നാൽ അഡ്രിയാൻ ലൂണ, ഹോർമിപാം, ഡാനിഷ് ഫാറൂഖ് തുടങ്ങി ആദ്യ ഇലവനിൽ സ്ഥിരമായി ഇറങ്ങുന്ന താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത് എന്നതിനാൽ തന്നെ ഈ വിജയം പ്രശംസയർഹിക്കുന്നു.

മത്സരത്തിൽ ഇവാൻ വുകോമനോവിച്ചിന് വിലക്ക് വന്നു പുറത്തിരിക്കേണ്ടി വന്നതിനാൽ സഹപരിശീലകൻ ഫ്രാങ്ക് ദോവനാണ് ടീമിനെ ഇറക്കിയത്. ആരും പ്രതീക്ഷിക്കാത്ത ലൈനപ്പാണ് ദോവൻ പഞ്ചാബിനെതിരെ ഇറക്കിയത്. അതിൽ തന്നെ ശ്രദ്ധേയമായ കാര്യം മധ്യനിരയിൽ മുഴുവൻ മലയാളി താരങ്ങളെ അദ്ദേഹം കളിപ്പിച്ചുവെന്നതാണ്. മുഹമ്മദ് അയ്‌മൻ, ഇരട്ടസഹോദരനായ മൊഹമ്മദ് അസ്ഹർ, വിബിൻ മോഹനൻ, രാഹുൽ കെപി എന്നിവരാണ് മധ്യനിരയിൽ കളിച്ചത്.

ഇതിൽ അയ്‌മൻ, അസ്ഹർ എന്നിവർ മലയാളി താരങ്ങളാണെങ്കിലും കേരളത്തിലുള്ളവരല്ല. ലക്ഷ്വദ്വീപ് സ്വദേശികളായ ഇരുവരും കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലൂടെയാണ് സീനിയർ ടീമിലേക്ക് വരുന്നത്. വിബിൻ മോഹനനും ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും ഉയർന്നു വന്ന താരമാണ്. ഇവർക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും ഉയർന്നു വന്ന മറ്റൊരു മലയാളി താരമായ സച്ചിൻ സുരേഷ് മത്സരത്തിൽ ഗോൾകീപ്പറായും ഇറങ്ങിയിരുന്നു.

ഈ താരങ്ങളെല്ലാം ഏറ്റവും മികച്ച പ്രകടനം ടീമിനായി നടത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. രാഹുൽ കെപി മാത്രമാണ് അതിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനം നടത്തുന്നതിൽ പുറകോട്ടു പോയത്. ബാക്കി താരങ്ങളെല്ലാം പിഴവുകളൊന്നും കൂടാതെ മധ്യനിരയിൽ നിറഞ്ഞു കളിച്ചു. രാഹുൽ കെപി ഒഴികെയുള്ള താരങ്ങൾക്ക് വെറും ഇരുപതു വയസ് മാത്രമാണ് പ്രായമാണ് എന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി ഭദ്രമാണെന്ന് ഇവർ തെളിയിച്ച മത്സരം കൂടിയായിരുന്നു ഇത്.

നിർണായക സേവുകളുമായി സച്ചിൻ സുരേഷും മത്സരത്തിൽ മിന്നിത്തിളങ്ങിയിരുന്നു. ആദ്യ ഇലവനിൽ അഞ്ചു മലയാളികളെ ഇറക്കി മലയാളികളുടെ സ്വന്തം ക്ലബാണ് തങ്ങളെന്ന് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തെളിയിച്ചു. അതിനു പുറമെ അഞ്ചിൽ നാല് താരങ്ങളും സ്വന്തം അക്കാദമിയിൽ നിന്നു തന്നെയായതും ടീമിന് അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ക്ലബിനും ഇതുപോലെയൊരു നേട്ടം അവകാശപ്പെടാൻ ഉണ്ടാകില്ല.

Kerala Blasters Field 5 Malayali Players Against Punjab FC