നിരാശയുടെ കരിനിഴലിനു മേൽ പ്രതീക്ഷയുടെ തിരിനാളവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, ഔദ്യോഗിക പ്രഖ്യാപനമെത്തി | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് നായകനും ടീമിന്റെ പ്രധാന താരവുമായ അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെന്ന കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണവുമായി ക്ലബ്. അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയെന്ന കാര്യം പരിശീലകൻ അടക്കമുള്ളവർ സ്ഥിരീകരിച്ചിരുന്നെങ്കിലും അതിന്റെ ഗുരുതരാവസ്ഥ എത്ര വലുതാണെന്നും ശസ്ത്രക്രിയ വേണ്ടി വരുമോയെന്ന കാര്യത്തിലും ക്ലബ് യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിരുന്നില്ല.

കുറച്ചു മുൻപാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലൂണയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയത്. മുട്ടുകാലിനു പരിക്കേറ്റ താരം അതിന്റെ ഭാഗമായി ഒരു ആർത്രോസ്കോപ്പിക്ക് ശസ്ത്രക്രിയക്ക് വിധേയനായെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്. അതിനു ശേഷം താരം പരിക്കിൽ നിന്നും മോചിതനാവാനും ഫിറ്റ്നസ് വീണ്ടെടുക്കാനും വേണ്ടി വിശ്രമത്തിലേക്ക് പോവുകയാണെന്നും അവർ വ്യക്തമാക്കുന്നു.

അതേസമയം ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു കാര്യം കൂടി പ്രസ്‌താവനയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പറയുന്നുണ്ട്. വളരെ ചെറിയൊരു ശസ്ത്രക്രിയയാണ് ലൂണക്ക് നടത്തിയതെന്നാണ് അവർ വ്യക്തമാക്കുന്നത്. താരത്തിന്റെ പരിക്ക് ഗുരുതരമായ ഒന്നല്ലെന്ന് അതിൽ നിന്നും സൂചന ലഭിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് മെഡിക്കൽ സ്റ്റാഫ് താരത്തിന്റെ പുരോഗതി വളരെ കൃത്യമായി പിന്തുടർന്ന് മുഴുവനായും സുഖപ്പെടാൻ സഹായിക്കുമെന്നും അവർ പറയുന്നു.

അതേസമയം ലൂണ എത്ര കാലം പുറത്തിരിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം മൂന്നു മാസമാണ് അഡ്രിയാൻ ലൂണക്ക് വിശ്രമം വേണ്ടി വരിക. താരം ഇന്ത്യയിൽ നിന്നും മടങ്ങി യുറുഗ്വായിലേക്ക് തിരിച്ചു പോയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ചെറിയ ശസ്ത്രക്രിയയാണ് ലൂണക്ക് നടത്തിയിരിക്കുന്നത് എന്നതിനാൽ താരം നേരത്തെ തന്നെ കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാമെല്ലാമായ താരമാണ് ലൂണ. ക്ലബുമായും ആരാധകരുമായും കേരളവുമായും വൈകാരികമായ അടുപ്പം പ്രകടിപ്പിക്കുന്ന താരം തന്റെ ഏറ്റവും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിന് നൽകാറുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ സീസണിൽ ഒൻപത് മത്സരങ്ങൾ കളിച്ചപ്പോൾ തന്നെ ഇരുപത്തിയാറു ഗോളവസരങ്ങൾ ഉണ്ടാക്കിയ താരം ബ്ലാസ്റ്റേഴ്‌സ് ആകെ സ്‌കോർ ചെയ്‌ത പതിനാലു ഗോളുകളിൽ ഏഴെണ്ണത്തിലും പങ്കാളിയാവുകയും ചെയ്‌തിട്ടുണ്ട്‌.

Kerala Blasters Update On Adrian Luna Surgery