ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയാർക്ക്, ഗ്രൂപ്പ് സ്റ്റേജിലെ പ്രകടനം കണക്കാക്കിയുള്ള സാധ്യതകളിങ്ങിനെ | UCL

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടമാണ് യുവേഫ ചാമ്പ്യൻസ് ലീഗ്. വിവിധ ലീഗുകളിലെ വമ്പൻ ക്ലബുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അടുത്തിടെയാണ് അവസാനിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, എസി മിലാൻ എന്നീ ടീമുകൾ പുറത്തു പോയതൊഴിച്ചു നിർത്തിയാൽ വലിയ അട്ടിമറികൾ ഗ്രൂപ്പ് ഘട്ടത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അടുത്ത റൌണ്ട് മുതൽ മികച്ച പോരാട്ടങ്ങളാണ് കാണാൻ കഴിയുക.

അതിനിടയിൽ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ള ടീമുകളെ ഇംഗ്ലീഷ് മാധ്യമമായ ദി ടെലിഗ്രാഫ് പ്രവചിച്ചിട്ടുണ്ട്. അവരുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ സീസണിൽ കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ് ഇത്തവണയും സാധ്യത കൂടുതൽ. ഗ്രൂപ്പ് ഇയിൽ എല്ലാ മത്സരങ്ങളും വിജയിച്ച് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയ മാഞ്ചസ്റ്റർ സിറ്റിക്ക് 33 ശതമാനം സാധ്യതയാണ് അവർ കണക്കാക്കുന്നത്.

രണ്ടാം സ്ഥാനത്തു നിൽക്കുന്ന ജർമൻ ക്ലബായ ബയേൺ മ്യൂണിക്കാണ്. ചെൽസിയെ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിച്ച ടുഷെലിനു കീഴിൽ അണിനിരക്കുന്ന ക്ലബ് ഗ്രൂപ്പ് എയിൽ ആറിൽ അഞ്ചു മത്സരവും വിജയിച്ചാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. ഒരു മത്സരത്തിൽ അവർ സമനില വഴങ്ങുകയായിരുന്നു. ഇരുപതു ശതമാനം സാധ്യത അവർ ബയേൺ മ്യൂണിക്കിന് കൽപ്പിക്കുമ്പോൾ അതിനും താഴയാണ് ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാരായ റയൽ മാഡ്രിഡ് നിൽക്കുന്നത്.

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സിയിൽ നിന്നും രാജകീയമായി തന്നെയാണ് റയൽ മാഡ്രിഡ് മുന്നേറിയത്. ആറിൽ ആറു മത്സരങ്ങളും വിജയിച്ച അവർ ലീഗിലെ മികച്ച പ്രകടനം ചാമ്പ്യൻസ് ലീഗിലും തുടരുന്നുണ്ട്. പതിനഞ്ചു ശതമാനം സാധ്യതയാണ് ലോസ് ബ്ലാങ്കോസിനു കൽപ്പിക്കപ്പെടുന്നത്. പതിമൂന്നു ശതമാനം സാധ്യതയുമായി ആഴ്‌സണൽ, എട്ടു ശതമാനം സാധ്യതയുമായി പിഎസ്‌ജി, ഏഴു ശതമാനം സാധ്യതയുമായി ബാഴ്‌സലോണ എന്നീ ടീമുകൾ ബാക്കി സ്ഥാനങ്ങളിൽ നിൽക്കുന്നു.

അതേസമയം കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്റർ മിലാന് വലിയ സാധ്യതയൊന്നും നൽകിയിട്ടില്ലെന്നത് അത്ഭുതം തന്നെയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണെങ്കിലും മികച്ച പ്രകടനമാണ് അവർ സീസണിൽ നടത്തുന്നത്. എന്തായാലും ഒരു കാര്യം വ്യക്തമാണ്. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങിയ ടീമുകൾ ഇല്ലെങ്കിൽപ്പോലും ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ഗംഭീര പോരാട്ടം തന്നെയാണ് നടക്കാൻ പോകുന്നത്.

UCL Favorites After Group Stage