മെസിയുടെ ലീഗിൽ നിന്നും ലൂണക്ക് പകരക്കാരൻ, കോപ്പ അമേരിക്ക നേടിയ താരത്തെ ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് | Kerala Blasters

ബ്ലാസ്റ്റേഴ്‌സ് നായകനും ടീമിന്റെ പ്രധാന താരവുമായ അഡ്രിയാൻ ലൂണയുടെ അപ്രതീക്ഷിതമായ പരിക്ക് ആരാധകർക്ക് നൽകിയ നിരാശ ചെറുതല്ല. ഇടതുകാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് മുപ്പത്തിയൊന്നു വയസുള്ള യുറുഗ്വായ് താരം കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനു ശേഷം യുറുഗ്വായിലേക്ക് മടങ്ങിയ ലൂണ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ മൂന്നു മാസം കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ അഡ്രിയാൻ ലൂണ ഈ സീസൺ കളിക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ തന്നെ പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ലൂണയുടെ നാട്ടിൽ നിന്നു തന്നെ ഒരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് അന്വേഷണം നടത്തിയിട്ടുണ്ട്. യുറുഗ്വായ് താരം നിക്കോളാസ് ലോഡെയ്‌റോയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്‌ഷ്യം.

ലയണൽ മെസി കളിക്കുന്ന അമേരിക്കൻ ലീഗിലെ ക്ലബായ സീറ്റിൽ സൗണ്ടേഴ്സ് എഫ്‌സിയുടെ താരമാണ് ലോഡെയ്‌റോ. നാഷണൽ, അയാക്‌സ്, ബോട്ടഫോഗോ, കൊറിന്ത്യൻസ്, ബൊക്ക ജൂനിയേഴ്‌സ് തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. മധ്യനിരയിൽ കളിക്കുന്ന മുപ്പത്തിനാലുകാരനായ താരം ഇക്കഴിഞ്ഞ സീസണിൽ 37 മത്സരങ്ങളിൽ കളിക്കാനിറങ്ങി ഒരു ഗോൾ നേടി അഞ്ചു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌.

കരിയറിൽ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ താരം കൂടിയാണ് ലോഡെയ്‌റോ. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് യുറുഗ്വായ്‌ക്കൊപ്പം 2011ൽ സ്വന്തമാക്കിയ കോപ്പ അമേരിക്ക. അതിനു പുറമെ അയാക്‌സിനൊപ്പം രണ്ടു ഡച്ച് ലീഗും രണ്ട് എംഎൽഎസ് കപ്പും നാഷനലിനൊപ്പം യുറുഗ്വായ് ലീഗും ബൊക്ക ജൂനിയേഴ്‌സിനൊപ്പം അർജന്റൈൻ ലീഗും താരം സ്വന്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ ലീഗ് ഇനി ഫെബ്രുവരിയിലാണ് ആരംഭിക്കുക. നിലവിൽ ലീഗ് അവസാനിച്ചതിനാൽ ഈയൊരു ഇടവേളയിൽ ഐഎസ്എല്ലിൽ കളിപ്പിക്കാൻ താരത്തെ എത്തിക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. എന്നാൽ ഓഫറിനോട് യുറുഗ്വായ് താരം പ്രതികരിച്ചിട്ടില്ല. എന്തായാലും ലോഡെയ്‌റോയെ സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്‌സിന് വളരെ പരിചയസമ്പന്നനായ ഒരു താരത്തെയാണ് ലഭിക്കുക.

Kerala Blasters Give Offer To Nicolas Lodeiro