ട്രാൻസ്‌ഫർ റെക്കോർഡുകൾ തകർത്തെറിയാൻ സൗദി അറേബ്യ, എംബാപ്പെക്കു വേണ്ടി ശ്രമങ്ങളാരംഭിച്ചു | Saudi Arabia

ലോകഫുട്ബോളിൽ സൗദി അറേബ്യ ഒരു വിപ്ലവം സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ്. റൊണാൾഡോയെ സ്വന്തമാക്കി അവർ തുടക്കമിട്ടത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സമ്മറിൽ യൂറോപ്പിൽ നിന്നുള്ള നിരവധി വമ്പൻ താരങ്ങളെ അവർ സ്വന്തമാക്കി. ജനുവരി ട്രാൻസ്‌ഫർ ജാലകം വരാനിരിക്കെ ഇനിയും നിരവധി താരങ്ങളെ അവർ ടീമിലെത്തിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അതിനിടയിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളും ഭാവിയിലെ ഒന്നാം നമ്പറുമായി കണക്കാക്കപ്പെടുന്ന ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് താൽപര്യമുണ്ട്. സൗദി പ്രൊ ലീഗിന്റെ നിലവിലെ ഡയറക്റ്ററും മുൻ ചെൽസി താരവുമായ മൈക്കൽ എമനാലോയാണ് ഈ സീസണോടെ കരാർ അവസാനിക്കാൻ പോകുന്ന ഫ്രഞ്ച് താരത്തിലുള്ള താത്പര്യം വ്യക്തമാക്കിയത്.

“എംബാപ്പയുമായി ഞങ്ങൾ ചർച്ച നടത്താൻ എല്ലായിപ്പോഴും ഒരുക്കമാണ്. എന്നാൽ താരത്തിന് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങളുടെ നിലപാട് വ്യക്തമാണ്, ഇതുപോലെയുള്ള താരങ്ങൾക്ക് ഞങ്ങൾ എന്താണെന്ന് കൃത്യമായി അറിയാം. ഞങ്ങൾ കെട്ടിപ്പടുക്കുന്ന പ്രൊജക്റ്റിൽ എംബാപ്പെക്ക് താൽപര്യം ഉണ്ടെങ്കിൽ, ഇന്നോ അല്ലെങ്കിൽ ഭാവിയിലോ അതിനുള്ള സാധ്യതയുണ്ട്. താരത്തെ എനിക്കിഷ്‌ടമാണ്.” അദ്ദേഹം പറഞ്ഞു.

ഈ സീസണോടെ കരാർ അവസാനിക്കുന്ന എംബാപ്പെക്ക് ജനുവരി മുതൽ മറ്റൊരു ക്ലബുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാൻ കഴിയും. നിലവിൽ റയൽ മാഡ്രിഡാണ് താരത്തെ സ്വന്തമാക്കാൻ സാധ്യതയുള്ള ക്ലബ്. എന്നാൽ റയൽ മാഡ്രിഡിലേക്ക് ഇതിനു മുൻപ് ചേക്കേറാനുള്ള അവസരം എംബാപ്പെ വേണ്ടെന്നു വെച്ചതിനാൽ ഇനി താരത്തിന് വേണ്ടി അവർ ശ്രമം നടത്തുമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്.

അതേസമയം സൗദി അറേബ്യയിലേക്ക് എംബാപ്പെ ചേക്കേറില്ലെന്ന് ഉറപ്പിക്കാൻ കഴിയില്ല. യൂറോപ്പിൽ തന്നെ തുടർന്ന് ലോകത്തിന്റെ നെറുകയിൽ എത്താനാണോ, അതോ സൗദിയുടെ പുതിയ വിപ്ലവത്തിൽ പങ്കു ചേരാനാണോ താരത്തിന് താത്പര്യമെന്നാണ് ഇതിൽ നിർണായകമാവുക. എന്തായാലും സൗദി അറേബ്യയിലേക്ക് ചേക്കേറിയാൽ ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി എംബാപ്പെ മാറും.

Saudi Arabia Open To Sign Kylian Mbappe