ലൂണയുടെ അഭാവത്തിലും കിരീടം സ്വപ്‌നം കാണാം, യുറുഗ്വായ് താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഒരു ചുവടുകൂടി മുന്നോട്ട് | Kerala Blasters

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിന്റെ അഭാവം പരിഹരിക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് യുറുഗ്വായിൽ നിന്നു തന്നെയുള്ള താരത്തിന് വേണ്ടിയാണ് ശ്രമങ്ങൾ നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം യുറുഗ്വായ് ദേശീയ ടീമിന് വേണ്ടി അറുപതോളം മത്സരങ്ങൾ കളിച്ച മുപ്പത്തിനാലുകാരനായ നിക്കോളാസ് ലോഡെയ്‌രോയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. അമേരിക്കൻ ലീഗിൽ സീറ്റിൽ സൗണ്ടേഴ്‌സിന്റെ താരമാണ് ലോഡെയ്‌രോ.

റിപ്പോർട്ടുകൾ പ്രകാരം യുറുഗ്വായ് താരത്തിന് വേണ്ടിയുള്ള നീക്കങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ചുവടു കൂടി മുന്നോട്ടു നീങ്ങിയിട്ടുണ്ട്. ആദ്യം താരത്തിനായി ഓഫർ നൽകിയ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ലൂണയുടെ അഭാവത്തിൽ പുതിയൊരു താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നതിനാൽ എത്രയും പെട്ടന്ന് ട്രാൻസ്‌ഫർ പൂർത്തിയാക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. ചർച്ചകൾ വിജയിച്ചാൽ ലോഡെയ്‌രോ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ഇറങ്ങും.

എംഎൽഎസ് സീസൺ നിലവിൽ അവസാനിച്ചിരിക്കുകയാണ്. ഈ ഡിസംബർ കഴിയുന്നതോടെ ലോഡെയ്‌രോയും അമേരിക്കൻ ക്ലബുമായുള്ള കരാറും അവസാനിക്കും. അതിനാൽ ട്രാൻസ്‌ഫർ ഫീസ് നൽകാതെ, താരത്തിന്റെ സമ്മതം മാത്രം മതി സൈനിങ്ങ് പൂർത്തിയാക്കുന്നതിന്. യുറുഗ്വായ് താരത്തെ സമ്മതിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ലൂണക്ക് ഒരു മികച്ച പകരക്കാരൻ തന്നെ വേണമെന്നുള്ള ദൃഢനിശ്ചയം ബ്ലാസ്റ്റേഴ്‌സിനുണ്ടെന്ന് വ്യക്തമാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായ ലൂണ ക്ലബ് വിടുമ്പോൾ അതിനു പകരക്കാരനായി എത്തിക്കുന്ന താരത്തിൽ ആരാധകർക്ക് പ്രതീക്ഷ വെക്കാവുന്നതാണ്. യൂറോപ്പിലും അമേരിക്കയുമായി നിരവധി വമ്പൻ ക്ലബുകളിൽ കളിച്ചിട്ടുള്ള ലോഡെയ്‌രോ യുറുഗ്വായ് ദേശീയ ടീമിനായി അറുപതോളം മത്സരങ്ങൾ കളിക്കുകയും 2011ൽ കോപ്പ അമേരിക്ക കിരീടം നേടുകയും ചെയ്‌തിട്ടുണ്ട്‌. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കാവുന്ന ഏറ്റവും മികച്ച താരം തന്നെയാണ് ലോഡെയ്‌രോ.

2016ൽ അമേരിക്കൻ ലീഗിലെത്തിയ ലോഡെയ്‌രോ അവർക്കായി 191 മത്സരങ്ങളിൽ നിന്നും 41 ഗോളുകൾ നേടിയിട്ടുണ്ട്. താരം ഏറ്റവുമധികം കാലം ചിലവഴിച്ചതും അമേരിക്കൻ ക്ലബിൽ തന്നെയാണ്. അവർക്കൊപ്പം 2016ലും 2019ലും എംഎൽഎസ് കപ്പ് നേടിയ താരം 2022ൽ കോൺകാഫ് ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്. സീറ്റിൽ ക്ലബിന്റെ നായകനായിരുന്ന താരത്തിന്റെ സൈനിങ്‌ പൂർത്തിയാക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആഘോഷിക്കാൻ വകയുണ്ട്.

Kerala Blasters Start Negotiations To Sign Nicolas Lodeiro