പ്ലേ ഓഫിൽ ഇരട്ടി കരുത്തരാകാൻ കേരള ബ്ലാസ്റ്റേഴ്‌സ്, അഡ്രിയാൻ ലൂണ പരിശീലനം ആരംഭിച്ചു | Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിൽ മോശം ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാൻ അവർക്ക് കഴിയുമെന്ന സാഹചര്യമുണ്ട്. നിലവിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഒന്നോ രണ്ടോ വിജയങ്ങൾ കൂടി നേടാൻ കഴിഞ്ഞാൽ പ്ലേ ഓഫിലേക്ക് ഇടം നേടാൻ കഴിയും. ഷീൽഡ് പ്രതീക്ഷ ഇല്ലാതായെങ്കിലും കിരീടപ്രതീക്ഷ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സിന്റെ കിരീടപ്രതീക്ഷകൾക്ക് കൂടുതൽ കരുത്ത് നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പരിക്കേറ്റു പുറത്തു പോയ ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ ഈ സീസണിൽ കളിക്കില്ലെന്നാണ് പ്രതീക്ഷിച്ചതെങ്കിലും താരവുമായി ബന്ധപ്പെട്ടു പ്രതീക്ഷകൾക്ക് വഴിയുണ്ട്. കഴിഞ്ഞ ദിവസം മുതൽ അഡ്രിയാൻ ലൂണ പരിശീലനം നടത്താൻ ആരംഭിച്ചതോടെയാണിത്.

ഇന്റർനാഷണൽ ബ്രേക്ക് ആരംഭിച്ചതിനാൽ മറ്റുള്ള താരങ്ങളെല്ലാം ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ അഡ്രിയാൻ ലൂണ തിരിച്ചു വരാനുള്ള കഠിനമായ പരിശ്രമത്തിലാണ്. അഡ്രിയാൻ ലൂനക്കൊപ്പം ഫിറ്റ്നസ് വീണ്ടെടുക്കാൻ പ്രതിരോധതാരമായ മാർകോ ലെസ്കോവിച്ചുമുണ്ട്. ഈ രണ്ടു താരങ്ങളും ടീമിലേക്ക് തിരിച്ചെത്തുന്ന സമയം വളരെയടുത്താണ്.

ലഭ്യമായ വിവരങ്ങൾ പ്രകാരം പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് അഡ്രിയാൻ ലൂണ ടീമിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയുണ്ട്. മുഴുവൻ ഫിറ്റ്നസും വീണ്ടെടുക്കുകയാണെങ്കിൽ താരം പ്ലേ ഓഫിൽ കളിക്കും. ടീമിനെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന വാർത്തയാണിത്. പരിക്കേറ്റു പുറത്താകുന്നതിനു മുൻപ് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരമായിരുന്നു ലൂണ.

ലൂണ നായകനായ ആദ്യത്തെ സീസണാണിത്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരവുമായി അത് പുതുക്കാനുള്ള ശ്രമങ്ങൾ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടില്ല. താരം ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. ക്ലബിൽ തുടർന്നാലും ഇല്ലെങ്കിലും ഈ സീസണിൽ കിരീടം സ്വന്തമാക്കി നൽകുകയാവും ലൂണയുടെ പ്രധാന ലക്‌ഷ്യം.

Adrian Luna Leskovic Are Training In Kochi