വമ്പൻ ക്ലബുകളുടെ ഓഫറിനെ വെല്ലാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ ആരംഭിച്ചു, അടുത്ത സീസണിലും ദിമിത്രിയോസ് ഗോളടിക്കാനുണ്ടാകും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിനു സമീപകാലത്ത് ലഭിച്ച ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. കഴിഞ്ഞ രണ്ടു സീസണുകളായി ടീമിനായി ഗോളുകൾ അടിച്ചു കൂട്ടുന്ന താരം മൂന്നു സീസണുകൾ കളിച്ച അഡ്രിയാൻ ലൂണയുടെ ഗോൾ പങ്കാളിത്തത്തെ മറികടക്കുകയുണ്ടായി. നിലവിൽ ഐഎസ്എല്ലിലെ തന്നെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറാണ് ദിമിത്രിയോസെന്നു പറഞ്ഞാലും അതിൽ അത്ഭുതമില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമാണെങ്കിലും ഈ സീസണിന് ശേഷം ദിമിത്രിയോസ് ടീമിനൊപ്പം ഉണ്ടാകുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കുഞ്ഞു ജനിച്ചതിനാൽ തന്റെ നാട്ടിലേക്ക് തന്നെ മടങ്ങിപ്പോകണമെന്നാണ് ദിമിത്രിയോസിന്റെ ആഗ്രഹം. എന്നാൽ ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ സ്വന്തമാക്കാൻ ഐഎസ്എല്ലിലെ വമ്പൻ ക്ലബുകൾ രംഗത്തുണ്ട്.

മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ദിമിത്രിയോസിന്റെ പ്രതിഫലം താരതമ്യേനെ കുറവാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് നൽകുന്നതിനേക്കാൾ വമ്പൻ ഓഫറാണ് മറ്റു ടീമുകൾ നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ദിമിത്രിയോസ് ഐഎസ്എല്ലിൽ തുടരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. യൂറോപ്പിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ഓഫറാണെങ്കിൽ താരം അത് പരിഗണിച്ചേക്കും.

അതേസമയം ദിമിത്രിയോസിനെ നിലനിർത്താനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ആരംഭിച്ചുവെന്ന് സൂചനകളുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മറ്റു ക്ലബുകൾ മുന്നോട്ടു വെച്ചതിനു സമാനമായ ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. രണ്ടു വർഷത്തെ കരാറിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടി പ്രതിഫലം, പ്ലേ ഓഫിൽ നിന്നും മുന്നേറിയാൽ ബോണസ് എന്നിവയെല്ലാം ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്യുന്നു.

നേരത്തെ ദിമിത്രിയോസ് ക്ലബ് വിടുന്നതിനോട് വലിയ എതിർപ്പില്ലാതിരുന്ന ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഇപ്പോൾ താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ സജീവമായി തുടരുന്നു. അസാമാന്യമായ ഗോളടിമികവ് കാണിച്ച് നിലവിൽ ടോപ് സ്കോററായി നിൽക്കുന്ന താരത്തെ വിട്ടുകളഞ്ഞാൽ അത് ടീമിന് വലിയ ക്ഷീണം നൽകുമെന്നറിയാവുന്നതു കൊണ്ടു തന്നെയാണ് ഈ നീക്കം.

ബ്ലാസ്റ്റേഴ്‌സിന്റെ നായകനായ അഡ്രിയാൻ ലൂണ, പരിശീലകൻ ഇവാൻ വുകോമനോവിച്ച് എന്നിവരുമായി ദിമിത്രിയോസിനു നല്ല ബന്ധമാണുള്ളത്. ഈ രണ്ടു താരങ്ങളും ക്ലബിനൊപ്പം തുടർന്നാൽ ദിമിത്രിയോസിനെ നിലനിർത്തുക കുറച്ചുകൂടി എളുപ്പമാകും. എന്തായാലും ഇതുപോലൊരു സ്‌ട്രൈക്കർ എതിരാളികളുടെ കൂടാരത്തിൽ എത്താതെ നോക്കേണ്ടത് അനിവാര്യമായ കാര്യം തന്നെയാണ്.

Kerala Blasters Wants To Extend Dimitrios Contract