ഈ ക്ലബിന് ഹൃദയത്തിൽ തന്നെയാണ് സ്ഥാനമെന്ന് തെളിയിച്ച് ഇവാൻ വുകോമനോവിച്ച്, ആരാധകരുടെ ആശാൻ എങ്ങോട്ടും പോകുന്നില്ല | Ivan Vukomanovic

സ്ഥിരതയില്ലാതെ കളിച്ചു കൊണ്ടിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥിരമായി പ്ലേ ഓഫിലെത്താൻ തുടങ്ങിയത് ഇവാൻ വുകോമനോവിച്ച് പരിശീലകനായി എത്തിയതിനു ശേഷമാണ്. ആദ്യത്തെ സീസണിൽ ഫൈനലിൽ എത്തുകയും കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കളിക്കുകയും ചെയ്‌ത ടീം ഇത്തവണ കിരീടപ്രതീക്ഷ നൽകിയെങ്കിലും പരിക്കുകൾ തിരിച്ചടിയായതിനാൽ അഞ്ചാം സ്ഥാനത്തേക്ക് വീണു.

അതിനിടയിൽ ഇവാൻ വുകോമനോവിച്ച് ഈ സീസണോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു വരികയുണ്ടായി. യൂറോപ്പിലെ ഏതാനും ക്ലബുകളിൽ നിന്നും ഇവാൻ വുകോമനോവിച്ചിന് ഓഫറുകൾ വന്നിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഈ സീസണിന് ശേഷം അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിടുമെന്നുമാണ് റിപ്പോർട്ടുകൾ പറഞ്ഞത്. എന്നാൽ ഇവാൻ ഇക്കാര്യം നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ഇവാൻ വുകോമനോവിച്ച് പറഞ്ഞത് ഈ ക്ലബ്ബിനെ താൻ വളരെയധികം ഇഷ്‌ടപ്പെടുന്നുണ്ടെന്നും ഇവിടെത്തന്നെ തുടരാൻ താൽപര്യപ്പെടുന്നു എന്നുമാണ്. കേരളത്തിന് തന്റെ ഹൃദയത്തിൽ വലിയൊരു സ്ഥാനമുണ്ടെന്നും അതുകൊണ്ടു തന്നെ ഇവിടം വിടേണ്ട കാര്യമുണ്ടാകുന്നില്ലെന്നും പറഞ്ഞാണ് അദ്ദേഹം അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞത്.

ബ്ലാസ്റ്റേഴ്‌സിന് തന്റെ ഹൃദയത്തിലാണ് സ്ഥാനമെന്നത് ഇവാനാശാൻ തെളിയിക്കുന്നുമുണ്ട്. ഇന്റർനാഷണൽ ബ്രേക്കിന്റെ സമയമായതിനാൽ ടീമിലെ എല്ലാവർക്കും ഇടവേള എടുക്കാവുന്നതാണ്. എന്നാൽ നാട്ടിലേക്ക് തിരിച്ചു പോകാമായിരുന്നിട്ടും ഇവാനാശാൻ ടീമിനൊപ്പം തന്നെ തുടരുകയാണ്. ലൂണ, ലെസ്‌കോവിച്ച് തുടങ്ങിയ താരങ്ങളുടെ തിരിച്ചുവരവിന് അദ്ദേഹം മേൽനോട്ടം നൽകുന്നു.

ബ്ലാസ്‌റ്റേഴ്‌സിനെ സ്ഥിരതയുള്ള ഒരു ടീമാക്കി മാറ്റാൻ ഇവാന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരു കിരീടം ഇതുവരെ നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ഷീൽഡ് പ്രതീക്ഷകൾ അവസാനിച്ചെങ്കിലും ഐഎസ്എൽ കിരീടം നേടാമെന്ന പ്രതീക്ഷ ഇവാൻ വുകോമനോവിച്ചിനുണ്ട്. അതിനുള്ള പദ്ധതികൾ തന്നെയാണ് ഇവാൻ ഒരുക്കിയെടുക്കുന്നതും.

Ivan Vukomanovic Denies Kerala Blasters Exit Rumours