നഷ്ടമായത് എല്ലാം തുറന്നു സംസാരിക്കാൻ കഴിയുന്ന സുഹൃത്തിനെ, ഇവാന്റെ വിടവാങ്ങലിനെക്കുറിച്ച് അഡ്രിയാൻ ലൂണ | Adrian Luna
ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്ന പ്രഖ്യാപനം വന്നത് ആരാധകരിൽ വലിയ നിരാശയുണ്ടാക്കിയിരുന്നു. കഴിഞ്ഞ മൂന്നു സീസണുകളായി ടീമിന്റെ പരിശീലകനായ അദ്ദേഹത്തിന് കീഴിൽ കിരീടമൊന്നും നേടാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് ഏറ്റവും സ്ഥിരതയോടെ കളിച്ചത് ഇവാൻ പരിശീലകനായ വർഷങ്ങളിലാണെന്നതിൽ സംശയമില്ല.
മൂന്നു സീസണുകളിലും ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലെത്തിച്ച അദ്ദേഹം ഒരു സീസൺ കൂടി തുടരുമെന്ന് പ്രതീക്ഷിച്ചു നിൽക്കെയാണ് അപ്രതീക്ഷിതമായ വിടവാങ്ങൽ ഉണ്ടാകുന്നത്. ഇവാൻ പരിശീലകസ്ഥാനത്തു നിന്നും പുറത്തു പോയത് ആരാധകരിൽ മാത്രമല്ല, ടീമിലെ താരങ്ങളിലും നിരാശയുണ്ടാക്കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം അഡ്രിയാൻ ലൂണ നടത്തിയ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.
“ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന രാജ്യമായ ഇന്ത്യയിലേക്ക് എന്നെ കൊണ്ടു വന്നത് ഇവാൻ വുകോമനോവിച്ചാണ്. ഒരു പരിശീലകനെന്നതിലുപരി അദ്ദേഹം ഞങ്ങളുടെ സുഹൃത്തു കൂടിയാണ്. അതു വളരെ പ്രധാനമാണ്, നമുക്ക് എന്ത് കാര്യങ്ങൾ സംസാരിക്കാനും ഒരു ആത്മവിശ്വാസമുണ്ടാകും.” ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിനോട് അഡ്രിയാൻ ലൂണ പറഞ്ഞു.
ഇവാൻ ക്ലബ് വിട്ടതോടെ അഡ്രിയാൻ ലൂണയുടെ ഭാവിയിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന സൂചനകൾ ഉണ്ട്. ബ്ലാസ്റ്റേഴ്സ് താരത്തിനായി പുതിയ ഓഫർ നൽകിയെങ്കിലും അത് ലൂണ സ്വീകരിച്ചിട്ടില്ല. പുതിയ പരിശീലകൻ ആരാണെന്നതിൽ വ്യക്തത വന്നതിനു ശേഷം അദ്ദേഹത്തിന്റെ പദ്ധതികളിൽ കൃത്യമായ സ്ഥാനം ഉണ്ടാകുമോ എന്നറിഞ്ഞതിനു ശേഷം കരാർ പുതുക്കാനാണ് ലൂണ ആഗ്രഹിക്കുന്നത്.
Adrian Luna On Ivan Vukomanovic Exit