കളിക്കളത്തിലും പുറത്തും യഥാർത്ഥ നായകൻ, ലൂണയെ പ്രശംസിച്ച് ഗോവ പരിശീലകൻ | Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് നാളെയാണ് യഥാർത്ഥ പരീക്ഷണം വരാനിരിക്കുന്നത്. ഇതുവരെ ലീഗിൽ ടോപ് സിക്‌സിലുള്ള രണ്ടു ടീമുകളോട് മാത്രമാണ് കഴിഞ്ഞ എട്ടു മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് കളിച്ചിരുന്നത്. ആ രണ്ടു മത്സരങ്ങളിലും വിജയം നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇതുവരെ ഒരു മത്സരത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ലാത്ത ഗോവയെ അവരുടെ മൈതാനത്ത് മറികടക്കാൻ ബ്ലാസ്റ്റേഴ്‌സിന് വളരെയധികം പോരാടേണ്ടി വരും.

ഗോവക്കെതിരെ ഇറങ്ങുമ്പോൾ ആരാധകരുടെ പ്രതീക്ഷ എല്ലായിപ്പോഴുമെന്ന പോലെ നായകൻ അഡ്രിയാൻ ലൂണയിൽ തന്നെയാണ്. ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് അഡ്രിയാൻ ലൂണക്ക് ഗോൾ പങ്കാളിത്തം ഇല്ലാത്തത്. ഇതുവരെ മൂന്നു ഗോളുകളും നാല് അസിസ്റ്റുമാണ് താരം ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി സ്വന്തമാക്കിയത്. നായകനായതോടെ കൂടുതൽ ഉത്തരവാദിത്വം വന്ന താരം ആക്രമണത്തിലും മുന്നേറ്റത്തിലും ഒരുപോലെ സംഭാവന വഹിക്കുന്നു.

നാളെ നടക്കാനിരിക്കുന്ന മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ എഫ്‌സി ഗോവയുടെ പരിശീലകനായ മനോലോ മാർക്വസും അഡ്രിയാൻ ലൂണയെ തന്നെയാണ് പ്രത്യേകം എടുത്തു പറഞ്ഞത്. “കേരള ബ്ലാസ്റ്റേഴ്‌സ് താരമായ അഡ്രിയാൻ ലൂണ ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച മൂന്നു താരങ്ങളിൽ ഒരാളാണ്. എല്ലാം കൊണ്ടും പൂർണനായ താരമാണ് അദ്ദേഹം. ആക്രമണത്തിൽ മാത്രമല്ല, കളിക്കളത്തിലും പുറത്തും അദ്ദേഹം ഒരു യഥാർത്ഥ നായകനാണ്.” ഗോവ പരിശീലകൻ പറഞ്ഞു.

അഡ്രിയാൻ ലൂണയെപ്പോലെ ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന മറ്റൊരു ഐഎസ്എൽ താരമില്ലെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനങ്ങളുടെ പട്ടിക എടുത്തു നോക്കിയാൽ അതിലെല്ലാം അഡ്രിയാൻ ലൂണയെ മുന്നിൽ തന്നെ കാണാൻ കഴിയും. ആക്രമണത്തിൽ മാത്രമല്ല, പ്രതിരോധത്തിലും അദ്ദേഹം പങ്കു വഹിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ പനി ബാധിതനായിട്ടും താരം മിന്നുന്ന പ്രകടനമാണ് നടത്തിയത്.

അതേസമയം ഗോവക്കെതിരായ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് വലിയൊരു വെല്ലുവിളി തന്നെയാകുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും തോൽക്കാതെ കുതിക്കുന്ന ഗോവ ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമുകളിൽ ഒന്നു കൂടിയാണ്. അവരുടെ മൈതാനത്താണ് മത്സരമെന്നത് ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ വെല്ലുവിളിയാണ്. എന്നാൽ അവർക്കെതിരെ വിജയം നേടാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന്റെ കിരീടപ്രതീക്ഷകൾ കൂടുതൽ സജീവമാകും.

Adrian Luna Praised By FC Goa Coach