ഇവാൻ വുകോമനോവിച്ചിനു പോലും ഇതുവരെ സാധിച്ചിട്ടില്ല, വലിയൊരു നാണക്കേട് കേരള ബ്ലാസ്റ്റേഴ്‌സിന് തിരുത്താനുണ്ട് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നിൽക്കുന്ന ടീമുകൾ തമ്മിലുള്ള മത്സരം ആരാധകർക്ക് ആവേശം പകരുന്ന ഒന്നായിരിക്കും. ഗോവയുടെ മൈതാനത്തു വെച്ച് നടക്കുന്ന മത്സരം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന മൂന്നാമത്തെ എവേ മത്സരം കൂടിയാണ്.

ഗോവയുടെ മൈതാനത്ത് കളിക്കാനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് വലിയൊരു നാണക്കേട് തിരുത്താനുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് മറികടക്കാൻ പ്രയാസമുള്ള എതിരാളികളാണ് എഫ്‌സി ഗോവ. കണക്കുകൾ പ്രകാരം ഗോവയും ബ്ലാസ്റ്റേഴ്‌സും ഇതുവരെ നേർക്കുനേർ വന്നിരിക്കുന്നത് പതിനെട്ടു തവണയാണ്. ഇതിലെ വിജയങ്ങളുടെ എണ്ണത്തിൽ ഗോവക്ക് വ്യക്തമായ ആധിപത്യമുണ്ട്.

ഈ പതിനെട്ടു മത്സരങ്ങളിൽ പത്ത് മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയപ്പോൾ നാലെണ്ണത്തിൽ ടീം വിജയിച്ചിട്ടുണ്ട്. നാല് മത്സരങ്ങൾ സമനിലയിലും പിരിഞ്ഞിട്ടുണ്ട്. അതിനേക്കാൾ വലിയൊരു നാണക്കേട് ഗോവയുടെ മൈതാനത്തെ ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമാണ്. ഇതുവരെ ഒരേയൊരു തവണ മാത്രമാണ് ഗോവയുടെ മൈതാനത്ത് ബ്ലാസ്റ്റേഴ്‌സിനു വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്.

2016ൽ സ്റ്റീവ് കൊപ്പൽ പരിശീലകനായിരിക്കുന്ന സമയത്താണ് ബ്ലാസ്റ്റേഴ്‌സ് ഗോവയുടെ മൈതാനത്ത് ഒരു മത്സരം വിജയിച്ചിരിക്കുന്നത്. ഇന്ന് ഇവാനാശാന്റെ കീഴിൽ ഫറ്റോർഡയിൽ ഇറങ്ങുമ്പോൾ ഈ നാണക്കേട് മാറ്റുകയെന്ന ലക്‌ഷ്യം കൂടി കേരള ബ്ലാസ്റ്റേഴ്‌സിനുണ്ട്. നിലവിലെ ഫോമിൽ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അത് അസാധ്യമല്ലെങ്കിലും മത്സരത്തിൽ ഗോവക്ക് തന്നെയാണ് മുൻ‌തൂക്കം.

അതേസമയം മത്സരത്തിൽ വിജയം നേടിയാൽ ഒന്നാം സ്ഥാനത്തു തന്നെ തുടരാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും. നിലവിൽ ബ്ലാസ്റ്റേഴ്‌സും ഗോവയും തമ്മിൽ ഒരേയൊരു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിൽ ഗോവയാണ് വിജയം നേടുന്നതെങ്കിൽ അവർക്ക് ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാൻ കഴിയും. അവരുടെ ലക്ഷ്യവും അതു തന്നെയാണ്.

Kerala Blasters Only Won One Match In FC Goa Stadium